ഭ്രാന്ത്.ചിലപ്പോള്‍,
വലിച്ചടച്ച വാതിലിനിടയില്‍
കുടുങ്ങിപ്പോയ വിരലുപോല്‍ അലറും.
ചിലപ്പോള്‍
പാറയിടുക്കില്‍ തലതല്ലി പൊട്ടിച്ചിരിക്കും തിരപോല്‍ 
മദിക്കും.

ചിലപ്പോള്‍ 
കളിപ്പാട്ടം കളഞ്ഞുപോയ കുട്ടിയെപ്പോലെ   
വെറുതെ കാല്‍മുട്ടുകള്‍ക്കിടയില്‍
തലതിരുകി
കുന്തിച്ചിരുന്നു കരയും 

മിഴാവുപോല്‍  
കൂത്തിനു താളമിടും

പുള്ളുവക്കുടംപോല്‍  
നാവോറിനു ഈണമിടും

നമുക്കിടയില്‍
എപ്പോഴും അരമണികിലുക്കി 
തുള്ളിത്തിമിര്‍ക്കും.

എനിക്കും നിനക്കുമിടയില്‍
നിറഭേദങ്ങളുടെ 
കരകാട്ടമാടും
ചടുല ശൂന്യതയുടെ 
ചങ്ങലക്കിലുക്കം,
പൊലിമയുള്ള 
ഭ്രാന്ത്.


No comments: