ഗോവണി


ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
കാലപ്പെരുംബാമ്പ് പോലെയിപ്പാരിന്റെ
മാറില്‍ മലര്ക്കെക്കിടക്കുന്നതെന്തഹോ

കാറ്റും കടന്നലും തലയോട്ടി ചൂഴുന്ന,
കൂരിരുള്‍നാഗം കരള്‍ കൊത്തിയിഴയുന്ന,
കണ്ണില്‍ കരിക്കുന്നനൂറ്റം പുളയ്ക്കുന്ന
ഇപ്പ്രാണനുടലിന്റെ ബന്ധനം വെടിയുവാന്‍
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി


നിവര്‍ന്നു കിടക്കുന്ന
കാലത്തിന്റെ മറുപുറം
തിരഞ്ഞുള്ള യാത്രയില്‍,
പിരിയാതെ കൂടെയുള്ള
നിഴലേ,
ഒരു കൈതാങ്ങ് തരൂ..
ഇതൊന്നു നിവര്‍ത്തി വെക്കാന്‍.
ഇച്ഛകള്‍ നെറുകയില്‍ 
കത്തിയ കാലത്ത് 
ഓരോ പടികളിലും
ഊരിയെറിഞ്ഞ
ചമയങ്ങള്‍,
മൃഗത്തോല്‍ ചുറ്റിയ തൃഷ്ണകള്‍
തിരിഞ്ഞു കൊത്താന്‍ ഫണം വിടര്‍ത്തുന്നു.
നമുക്കീ പടികള്‍ കയറണം.

പ്രലോഭനങ്ങളുടെ
തോട്ടിലാട്ടത്ത്തില്‍
ഭ്രമിച്ചമര്‍ന്ന നാളുകളില്‍ നിന്നും
എനിക്കെന്നെ പറിച്ചെടുക്കണം.

അലങ്കാരങ്ങളാല്‍
പൊലിപ്പിക്കപ്പെട്ട
കാഴ്ചകളില്‍ നിന്നും
എളുപ്പം തിരോഭവിക്കണം.

ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
കാലപ്പെരുംബാമ്പ് പോലെയിപ്പാരിന്റെ
മാറില്‍ മലര്ക്കെക്കിടക്കുന്നതെന്തഹോ

കാറ്റും കടന്നലും തലയോട്ടി ചൂഴുന്ന,
കൂരിരുള്‍നാഗം കരള്‍ കൊത്തിയിഴയുന്ന,
കണ്ണില്‍ കരിക്കുന്നനൂറ്റം പുളയ്ക്കുന്ന
ഇപ്പ്രാണനുടലിന്റെ ബന്ധനം വെടിയുവാന്‍
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി

2 comments:

ഗോപീകൃഷ്ണ൯ said...

മനോഹരം ആശംസകള്‍

ജസ്റ്റിന്‍ said...

nalla kavitha.

thankalute ella kavithakalum vaayikkaan prachodanam tharunnu ithu