തുമ്പീ തുമ്പീ കല്ലെടുക്ക്തുമ്പീ തുമ്പീ
കല്ലെടുക്ക്.

വെളുപ്പും കറുപ്പും മഞ്ഞയും
നിറങ്ങളുള്ള
മേഘങ്ങള്‍ക്കിടയിലൂടെ
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
ഇളം കൃഷ്ണമണികള്‍
പറന്നു നടന്നു.

ഇരുട്ടിന്റെ നിറമുള്ള വെളിച്ചവും
മൌനത്തിന്റെ ഈണമുള്ള സംഗീതും
നുരഞ്ഞുപോങ്ങുന്ന
മുറിയില്‍
മൂപ്പന്മാര്‍
കരാറുകള്‍ കൊറിച്ചു ചിരിച്ചു.

തുമ്പീ തുമ്പീ കല്ലെടുക്ക്..
ഉരുക്ക് കാലുകളുള്ള
ലോഹത്തുമ്പികള്‍
ലാസ്യത്തില്‍ പറന്നിറങ്ങി.

ഇളം കൃഷ്ണമണികള്‍
മഴയുടെ ഊഞ്ഞാല്‍ വള്ളികളില്‍
ചിരിയുടെ ഞാത്ത് കിലുക്കി.

കുഞ്ഞുങ്ങളുടെ കൃഷ്ണമണികളിലേക്ക്
ലോഹ വിരലുകള്‍
പൊള്ളിയിറങ്ങി

മരവിപ്പിന്റെ കിടക്കയില്‍
ഞങ്ങള്‍ മരംപോലെ കിടന്നു.

തുമ്പീ തുമ്പീ കല്ലെടുക്ക്..

No comments: