പോരാളിയുടെ വിശുദ്ധി


ആകാശം, 

നുണകളുടെ പന്തലിപ്പ്
നിറങ്ങളുടെ കൂട്ടുകാരാ
പച്ച മേഘങ്ങളും കറുത്ത നക്ഷത്രങ്ങളും
നിന്‍റെ കാഴ്ച്ചയുടെ മറുപുറത്ത്
പ്രദര്‍ശനത്തിനു കാത്തു നില്‍പ്പുണ്ട്
നിന്‍റെ കൃഷ്ണ മണികളില്‍
പെയ്തുവീഴാന്‍ ചോരച്ച ഒരു മേഘം
നുണയുടെ പന്തലിപ്പില്‍ ഉരുണ്ടു കൂടുന്നുണ്ട് ....
വ്യക്തതയുടെ കണിശക്കാരാ..
നീര്‍ ചോലകള്‍ക്കും
മലകള്‍ക്കും ഹരിതമേടുകള്‍ക്കും അപ്പുറത്ത്
വരണ്ടുണങ്ങിയ സ്വപ്നങ്ങളുടെ
വറുതി തീരം
മഴയത്ത് കളിക്കുന്ന കുട്ടികളുടെ ആര്പ്പുവിളികള്‍ക്ക്
കാതോര്‍ത്തു കിടക്കുന്നുണ്ട്
നിന്‍റെ കിനാവുകളുടെ വിളവെടുപ്പ്
മരിച്ചവന്റെ കണ്ണുകളിലേക്കു വരിവെച്ചു നീങ്ങുന്ന
കറുത്ത ഉറുമ്പുകളുടെ ഉത്സവമാണ്...
നിന്‍റെ നൊമ്പരങ്ങളുടെ ഈറന്‍ കയ്പ്പ്
ബലിക്കല്ലുകളില്‍ ഉടഞ്ഞുവീണ
പോരാളിയുടെ വിശുദ്ധിയാണ് ...

No comments: