യുദ്ധം


യുദ്ധം

നീ യുദ്ധം ചെയ്യുന്നത് ആരോടാണ്..?
മാവേലി സ്റ്റോറിനു മുന്നിലെ വരിയില്‍ തള്ളിക്കയറുന്ന
നുഴഞ്ഞു കയറ്റക്കാരനോട്..?
വായനമുറിയിലേക്ക്‌ അതിര്‍ത്തി ലംഘിച്ചു വന്ന്
പ്രണയം കൊണ്ട് അടുപ്പ് പുകയില്ലെന്നു പറഞ്ഞ
ശത്രുരാജ്യത്ത്തിലെ (അടുക്കള) രാജ്ഞിയോട്..?
ചില്ലറയില്ലെന്ന് പറഞ്ഞു കണക്കു തീര്കാത്ത്ത
കണ്ടക്ടരോട്..?
ചീഞ്ഞ തക്കാളിയിട്ട് തൂക്കം മുട്ടിക്കുന്ന
പച്ചക്കറിക്കാരനോട്..?
നീ യുദ്ധം ചെയ്യുന്നത് ആരോടാണ്..?

അച്ഛനായും, മകനായും,
സഹോദരനായും, ഭര്‍ത്താവായും
കാമുകനായും, ജാരനായും
തരാതരം കെട്ടിയാടുന്ന
നിന്നിലെ നാട്യക്കാരന്‍,

ദുരാഗ്രഹി,
കാമാര്‍ഥി,

ഏതു ദുരവസ്ഥകളോടും
എളുപ്പം സമരസപ്പെടുന്ന
നിന്നിലെ അവസരവാദി,

നക്കാപ്പിച്ചകള്‍ക്ക്‌ വേണ്ടി
മുഖത്ത് തേച്ച
കപട നിക്ഷ്പക്ഷത,

ആരുടെ മുന്നിലും
വളഞ്ഞുകൊടുക്കുന്ന
വിധേയത്വം,

ശത്രുവിനോടും ഇളിച്ച്ചുകാട്ടുന്ന
അലക്കി വെളുപ്പിച്ച മാന്യത,

നീ യുദ്ധം തുടങ്ങേണ്ടത് നിന്നോടാണ്.
നിന്നിലുള്ള
അധിനിവേശക്കാരനായ
കാപട്യത്തോട്‌

1 comment:

Bijli said...

Shaktham...ee varikal..