വ്രണിത ഗീതം (പ്രിയ ചുള്ളിക്കാടിന് )

ഏതു പൂവിന്‍ കഴുത്തറുത്താണെന്റെ
പാനപാത്രം നിറച്ച്ചതെന്‍‍ മിത്രമേ
ഏതു പ്രാവിന്‍ കുറുകലാണന്നെന്റെ
നെഞ്ചടുപ്പില്‍ നീ ചുട്ടതും മിത്രമേ

ഏതു നക്ഷത്രമുള്ള് കൊണ്ടാണെന്റെ
കരളു കീറി പഴംപാട്ട് തീര്‍ത്തതും
ഏതു മത്സ്യപ്പിടചിലാണന്നെന്റെ
ചങ്കിലിട്ടു നീ കാട്ടില്‍‍ മറഞ്ഞതും

ഏതു മാദക ഗന്ധം പുരട്ടിയെന്‍
ഘ്രാണനാളം പൊലിപ്പിച്ചു നിര്‍ത്തി നീ
ഏതു ഖഡ്ഗത്തിന്‍ മൂളലാണന്നെന്റെ
പ്രാണപത്രങ്ങളില്‍ രാഗം നിറച്ചതും

നിന്റെ നെഞ്ചിന്‍ കിളിക്കൂട്‌ ഭേദിച്ച
കിളികളല്ലോ വിഹായസ്സിലോക്കെയും
നിന്റെയിന്നത്തെ മൌനം തപിപ്പിച്ച
കവിത വീണെന്റെ രസനകള്‍ പൂക്കുന്നു

ആഞ്ഞടിക്കുന്നോരോര്‍മ്മതന്‍ ചാട്ടവാര്‍
മേഞ്ഞു നില്‍ക്കുന്നിതെപ്പോഴും മൂര്‍ത്തമായ്
ചാഞ്ഞു നില്‍ക്കുന്ന ബോധമാം ചില്ലയില്‍,
ചൂഴ്ന്നു നില്‍ക്കുന്നു പേക്കിനാക്കൂട്ടങ്ങള്‍

കാറ്റുലച്ചിലച്ചാര്‍ത്തുകള്‍ വീഴുന്നു
അറ്റു പോകുന്നു പാട്ടിന്നുറവയും
ആര്‍ത്തിരമ്പുന്നോരഴലാഴി കീറി ഞാന്‍
നാട്ടുവാക്കിന്‍ മൊഴിമുത്തെടുത്തിടാം