ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന മണ്‍കുടത്തിലെ ഒഴിവ്



1. പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്......


ആഴമളക്കുന്നതിന് തൊട്ടുമുന്‍പ്
മുകളിലേക്ക് കണ്ണയച്ചാല്‍,
ദൈവമില്ല ചെകുത്താനില്ല.

ആകാശം അഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും.
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും


2. ചാവേര്‍ ലിപികളുടെ സീല്‍ക്കാരങ്ങള്‍


ഞാന് + നീ = നാം.

യുദ്ധവും സന്ധിയും ഇടകലര്‍ന്ന
സങ്കീര്‍ണ്ണ രൂപകം.
ഇരമ്പിത്തെറിച്ച് പൊട്ടിശ്ശൂന്യമാകുന്ന
ചാവേര്‍ ലിപികളുടെ
ലളിത ഗണിത സമവാക്യം.
അലഞ്ഞും
അലിഞ്ഞും
അറിഞ്ഞും
അഴുകിയും
ഒടുങ്ങിപ്പോകുന്ന സീല്‍ക്കാരങ്ങള്‍.
നിലവിളിച്ച്, ചിരിച്ച്, അട്ടഹസിച്ച്, തേങ്ങി;
ഉരസലുകളുടെ ക്രമാനുക്രമ വിന്യാസങ്ങള്‍നിര്‍മ്മിച്ച
വിപരീതങ്ങളുടെ പടുശ്ശ്രുതി


3. അട്ടിമറിക്കപ്പെടുന്ന ക്രമങ്ങള്‍


വിഭ്രാന്തിയുടെ പെരുമ്പറയറിപ്പ്.

നാം 
അഴുകേണ്ടവരാണെന്ന്.

(അകത്തുനിന്നോ പുറത്തുനിന്നോ..?)
കലാശശേഷം ശാന്തമാകുന്ന പരിസരം.
പെരുമ്പറയുടെ അലകള്‍
ചിറകടിച്ചകലുമ്പോള്‍
വസ്തുക്കള്‍ അതതുക്രമങ്ങളിലേക്ക്
വീണ്ടും സ്ഥിരപ്പെടുന്നു!
പശ്ചാത്തലത്തില്‍
സദാ,
(എന്നാല്‍ ഇപ്പോള്‍ മാത്രം ഞാനറിഞ്ഞ)
സമയഘടനയുടെ
മുറിഞ്ഞു മുറിഞ്ഞ ത്രസിപ്പ്
(അബോധത്തിന്റെ പോയകാലത്തിലേക്ക്
പ്രജ്ഞയെ തിരിച്ചു നിര്‍ത്തുന്നു).
ഇത്ര ഘോരമായി
ചിട്ടകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍
നാം എവിടെയായിരുന്നു?
നീ അപ്പോഴും ഇതുപോലെ ശാന്തമായ്
ഉറങ്ങുകയായിരുന്നോ..?
ഓര്‍മ്മയിലേക്കുള്ള നിന്റെ കടന്നുവരവ്
അലസം,
എത്ര അകലെനിന്നാണ്..?





4. ഇടം തിരയുന്ന ഞാനെന്ന ഇടം

ഞാന്‍ എവിടെയാണ്.?

അപ്രമേയതയുടെ വിറങ്ങലിച്ച ഉടല്‍
നിശ്ചയമായും വേര്‍പ്പെട്ടിരിക്കുന്നു.


നിന്റെ നാഭീദേശത്തുനിന്നും
ഇറങ്ങിപ്പോന്ന
ചോരവാര്‍ന്നു വിളറിയ ജഢം;
നിശ്ചലമായ തോല്‍വിയുടെ അനക്കം.


നിന്റെ തുടകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍
കണ്‍തടങ്ങളില്‍
കരുവാളിച്ച മേഘപാളികള്‍.


അറുത്തുമാറ്റപ്പെട്ട ശിരസ്സ്
ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച്
നേര്‍മുകളില്‍ വട്ടമിട്ടുപറക്കുന്നു
(ആരുടെ
കാന്തികവലയത്തില്‍?)



ഞാന്‍ എന്നതിന്റെ ഒളിത്താവളം
ഇപ്പോഴെവിടെയാണ്?

നിശ്ചലമായ ഉടല്‍,
ഭ്രമണം ചെയ്യുന്ന തല,
ഉറങ്ങുന്ന നീ,
കിടപ്പറയിലെ മറ്റു വസ്തുക്കള്‍...
എവിടെയാണു
എവിടെയാണു ഞാന്‍
ജാഗ്രമാകുന്നതു..?

5. മാറിമറിയുന്ന നിറമില്ലായ്മയുടെ ഒളിനിറങ്ങള്‍


കണ്ണില്‍
കട്ടപിടിച്ച നിറമില്ലാത്ത ശൂന്യത.


മഞ്ഞ, ചോപ്പ്,
ചോര;
ഇടവപ്പാതി കുത്തിയൊലിക്കുന്ന;


നിറങ്ങള്‍ കൂടിക്കലര്‍ന്ന
നിറമില്ലായ്മകളുടെ ഒളിനിറങ്ങള്‍
മാറിമറിയുന്നുവോ.?

ഇഴയുന്ന ഏകാന്തത.


ഞാന്‍;
ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന
മണ്‍കുടത്തിലെ
ഒഴിവ്.

6. ഉറുമ്പുകള്‍ ഭീതി ജനിപ്പിക്കുന്നത്


ഉറുമ്പുകളുടെ
ചിട്ടയായ ആര്‍പ്പുവിളിയില്‍
അമര്‍ന്നുപോകുന്നൂ എന്റെ ശബ്ദം
വായുവില്‍ നൃത്തം ചെയ്യുന്ന ശിരസ്സേ
നിര്‍ത്തൂ നിന്റെ ചന്തമില്ലാത്ത നര്‍ത്തനം.
തകര്‍ക്കാമോ ഈ ചുമരുകളെ..?
ഉറുമ്പുകള്‍ക്കന്നമാകാന്‍ കൊടുക്കരുതെന്റെ കണ്ണുകളെ.
ഉറങ്ങാതെ, ഉറങ്ങാതെ,
കാത്തതല്ലെ.. ഇത്രനാളും...


കബന്ധത്തിന്റെ കിടപ്പ്,
പിരിഞ്ഞകന്ന
പരാചയത്തിന്റെ അസംബന്ധ ചിഹ്നം.


എന്നോടു ചേരാമോ ഒരിക്കല്‍കൂടി..?
ഒന്നെഴുന്നേറ്റ് തനിയെ വീഴാന്‍,
മുട്ടുകുത്തി നടക്കാനും,
കരയാനും ചിരിക്കാനും
എനിക്കെന്നെ പുനര്‍നിര്‍മ്മിക്കാന്‍

7. ഞാന്‍, നീ, നാം


അനന്തമായ താഴ്ചയുടെ വക്കില്‍
കാലുറപ്പിച്ച്,
കൈകള്‍ കോര്‍ത്ത്
നാം 
താ
ഴേ
ക്കു
നോക്കുക.
ദൃശ്യമാകലിന്റെ അവസാന ബിന്ദുവില്‍
നിന്റെ മേല്‍ചുണ്ടിനു മുകളിലെ
അരിമ്പാറയോളം പോന്ന ഇരുണ്ട പൊട്ട്.
കറുത്ത ആകാശം.
നാമറിയുന്നതേയില്ല,
പാര്‍ശ്വങ്ങളിലേക്കു പടര്‍ന്ന്
മരങ്ങള്‍ക്കും മലകള്‍ക്കും പുറകിലൂടെ
വളര്‍ന്നുപൊങ്ങി
നിറം മാറി
തലക്കു മുകളില്‍
വിടര്‍ന്നുനില്‍ക്കുന്ന
അസത്യത്തിന്റെ കടല്‍.


നോക്കൂ
നാം നിന്നിടം
ശൂന്യം.


ഓരോന്നും അപ്രത്യക്ഷമായത്
നമ്മുടെ അസാന്നിദ്ധ്യത്തിന്റെ അടയാളം.


8. ശൂന്യത


ആഴമളക്കുന്നതിനു തൊട്ടുമുന്‍പ്
നാം 
മുകളിലേക്കു നോക്കുക
ദൈവമില്ല.
ചെകുത്താനില്ല.
ആകാശം അഴിഞ്ഞഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും


ഞാനും നീയും
കാലത്തിന്റെ ചുരുളുകളിലൂടെ
ഓര്ബിറ്റുകള്‍ മുറിച്ചുനീന്തി,
പറന്നുകൊണ്ടേ...
പറന്നുകൊണ്ടേ...

No comments: