നീ

നെഞ്ചില്‍ 
തുളയിട്ട
കണ്ണുനീരിന്റെ
ഉപ്പും, പരപ്പും,
ആഴവും ചുഴികളും ഉള്ള 
വേറൊന്ന്;
തിരയടിക്കുന്ന കടല്‍.

 
നിന്നെ വളച്ചുകെട്ടിയ 
ഞാനെന്ന മുള്‍ വേലി പോല്‍ വേറൊന്നു;
എന്റെ അകവും പുറവും ചുറ്റിവരിഞ്ഞ നീ 

നീ
വീട്.
അകത്തും പുറത്തും 
ഓടിക്കിതക്കുന്നത് 
നമ്മുടെ അനാഥക്കുഞ്ഞുങ്ങള്‍.

കാത്തിരിക്കുകയാണ് ഞാന്‍ 
ഓരോ തിരയിലും
എന്റെ ചുണ്ടുകള്‍ക്ക് കുറുകെ വെച്ച 
നിന്റെ ചൂണ്ടു വിരല്‍.

കാലുരുമ്മി തിരിച്ചുപോകുന്ന 
തിരകള്‍ തിരിച്ചു തന്നത്,
ആണ്ടുപോയ 
ഒരു ആളല്‍,
അമര്‍ന്നുപോയ ഒരു നിലവിളി,
അറ്റുപോയ 
ഒരു ശിരസ്സ്‌,
ഏതു തിരയില്‍ തിരിച്ചുവരും 
ആ പൂ പൂട്ട്‌.

മുള്ള്


തീര്‍ച്ചയുള്ളൊരു മുള്ള്

എന്റെ നെഞ്ചില്‍ വെച്ച് പോയവള്‍, നീ.
പട്ടട കത്തുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നു,
അതിന്റെ മൂര്‍ച്ച,

എന്റെ നോട്ടത്ത്തിലേക്ക്
സാക്ഷയിട്ട നിന്റെ
വിരല്‍പ്പാട്,
അസ്ത്രം പോലെ എന്റെ കരളിലുണ്ട്,
നാം പിരിഞ്ഞിടത്ത്.

ഇന്ന് ഞാന്‍ പറയില്ല,
തീവണ്ടി മുറിയില്‍ നീ എനിക്ക് തന്ന സമ്മാനം,
എന്റെ ധമനികളിലൂടെ പാഞ്ഞ വൈദ്യുതി സ്പര്‍ശം.
കളിവീടുകള്‍ അമര്‍ന്നു പോകുമ്പോള്‍
നാം ഞരക്കം കേട്ടിട്ടില്ലല്ലോ.

കച്ചവടം



കടം കൊണ്ട  തുകല്‍ കുപ്പായങ്ങളുമായ്‌
ഒരു അതി ശൈത്യത്തില്‍
ലാല്‍ കിലയുടെ മുന്നിലെ തെരുവില്‍
അവന്‍ കച്ചവടത്തിനിരുന്നു.
തണുത്തു വിറച്ച് .

ആദ്യത്തെ ദയാലു
കുപ്പായം വാങ്ങി.
തിരിച്ചുപോകുമ്പോള്‍
അത് അവനു തന്നെ നീട്ടി.
നീ ഇത് ഇട്ടു കൊള്ളുക.

ദയയുടെ മൂര്‍ച്ച.
കൊടും തണുപ്പിലും അവന്‍
വിയര്‍ത്തുരുകി.



മരവും കോടാലിയും.



മരവും കോടാലിയും തമ്മിലെന്ത്.
മരം 
ഇരയും,
കോടാലിക്കൈയ്യും.

കോടാലി 
ആലയില്‍നിന്നും പുറത്തിറങ്ങുന്നത്,
മൂര്‍ച്ചയുള്ള ഒരു തീരുമാനവുമായി.
മരം, 
മുളപൊട്ടി എണീറ്റ്‌ നില്‍ക്കുന്നത്,
വ്യക്തതയില്ലാത്ത 
ഒരു തണല്‍ വിരിക്കാനല്ല.
വെറുതെ, 
ജീവിച്ചു തീര്‍ക്കാന്‍ ഇലപടര്‍ത്തുമ്പോള്‍  ,
കുടയുടെ ആക്ഷേപം 
വേരോളം അറിയാന്‍.


അറിലിയാനോ ബുവണ്ടി.



രാവിലെ കുളിച്ചീറനുടുത്ത്
ഒരുക്കങ്ങള്‍ തുടങ്ങി.
ആരോ വാതിലില്‍ മുട്ടി.

നെട്ടനെ നില്‍ക്കുന്നു
അറിലിയാനോ ബുവണ്ടി.
അതെ നോട്ടം, ഗാംഭീര്യം.
അതിശയപ്പെട്ടു.
മരണത്തോട് ഇങ്ങിനെ ചൂത് കളിച്ചവന്‍ ഇല്ല.
യുദ്ധം തന്നെ ജീവിതം.
മരണം നെഞ്ചിനു നേരെ
എപ്പോഴും മുനകൂര്‍ത്തു നില്‍ക്കണം.
അതാണ്‌ ലഹരി.

ആട്ടെ,
എന്താണ് സന്ദര്‍ശനോദ്ദേശ്യം?

തികച്ചും ജൈവികം, സര്‍ഗ്ഗാത്മകം.
ഒരു ബലിച്ചോറുണ്ണണം.

(പൂച്ചനഖം കോറിയ രണ്ടു വരികള്‍ )



കണ്ണ് കെട്ടി ഇല്ലം കടത്തിയ
പൂച്ച തിരുച്ചു വന്നു.
ഒരു ചെറു ചിരി
കണ്ണിന്റെ കടക്കോണില്‍ ഒളിപ്പിച്ചു
എന്റെ കാലില്‍ ഉരുമ്മി
മ്യാവൂ മ്യാവൂ..

കൂടെ കൊണ്ടുവന്ന ഒരു എലിയുടെ ശവം
കസാരക്കീഴില്‍ ഇട്ടു
പോസ്ടുമോര്ട്ടം നടത്തി.

കോട്ടെടുത്ത് നിവര്‍ത്തി
എലി കരണ്ട തുളകള്‍ കാണിച്ചു
ഞാന്‍ കയര്‍ത്തു.

നിവര്‍ത്തിവെച്ച ഡയറിയില്‍
രാവിലെ കണ്ടു
പൂച്ചനഖം കോറിയ രണ്ടു വരികള്‍
എനിക്ക് എലിയെ പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല.
നിന്റെ അഹങ്കാരത്തിനു തുളയിടാന്‍ എനിക്കാവില്ല.

പിന്നീടവള്‍ വന്നതേ ഇല്ല.

അന്ധന്‍ (നരകം)


പ്രണയം കൊണ്ട് കണ്ണ് പൊള്ളി
അന്ധനായവനോട്
മരിച്ചപ്പോള്‍
ദൈവം ചോദിച്ചു.
നിനക്ക് സ്വര്‍ഗ്ഗം വേണോ നരകം വേണോ?

നരകം.

നരക കവാടത്തില്‍ സാത്താന്‍ ചോദിച്ചു.
നന്മയില്‍ കണ്ണ് കളഞ്ഞ വിഡ്ഢീ
നീ ചത്തപ്പോള്‍ സ്വര്‍ഗ്ഗം നിരസിച്ചു?
അവന്‍ പറഞ്ഞു.
ആദ്യം ചോദിച്ചത് ദൈവമാണെന്ന് വിശ്വസിച്ചില്ല..
പോട്ടെ.,
അല്ലെങ്കിലും സ്വര്‍ഗ്ഗീയതയില്‍ കാഴ്ച പോയവനാണ് ഞാന്‍.

രക്ഷകന്‍



അലങ്കാരത്തിന്റെ ഞാത്തുകള്‍ക്ക് കീഴെ,
വാതില്പ്പാളികളില്‍
ചോരയുടെ കയ്യടയാളങ്ങള്‍
ശത്രു വാതില്ക്കലോളമെത്തി
തിരിച്ചുപോയിരിക്കുന്നു.




തെരുവിലെ ആരവങ്ങള്‍ അകന്നു.
അയല്‍വീട്ടിലെ നിലവിളികള്‍ നിലച്ചു. 
നോക്കാന്‍ ഭയമാണ്.


കുനിഞ്ഞിരുന്നു പുസ്തകം നിവര്‍ത്തി.


ജാതിയും മതവും ഒറ്റദിവസംകൊണ്ട്
തുടച്ചു നീക്കും.
കന്യകമാര്‍
ഏതു പാതിരാവിലും നിലാവുപോള്‍
നിര്‍ഭയമായി പുറത്തിറങ്ങും.
അന്യന്റെ ജീവനും സ്വത്തിനും
ഉപാധികളില്ലാത്ത സംരക്ഷ.
അപരന്റെ വാക്കുകള്‍ സംഗീതംപോലെ
ശ്രവിക്കാം.


ജ്വലിക്കുന്ന കണ്ണുകളും
ചുറ്റും പറക്കുന്ന വാളുമായി
രക്ഷകന്‍ വരും.
അതുവരെ പുറത്തിറങ്ങണ്ടാ

അന്നം കിനാവ്‌ കാണുന്നവന്‍





നിലാവിന് ഈര്‍പ്പമുണ്ടെന്നറിഞ്ഞ
ഇക്കാലത്തും
അന്നം കിനാവ്‌ കാണുന്നവന്റെ
കണ്ണ് പൊട്ടിക്കണം.

കുപ്പയില്‍ തലയിടുന്ന
കുട്ടികളെ
കോലൈഡറില്‍ നിറച്ചു
പരമാണു കൂട്ടിമുട്ടിക്കണം

തെരുവുകളില്‍
ചങ്കുപൊട്ടി അലറുന്ന
പേക്കോലങ്ങളെ
അടുത്ത സൂര്യയാനില്‍
കയറ്റിവിടണം.

ലോകം
മരതകം പോലെ തിളങ്ങണം.
സ്പടികം പോലെ
ഷോകേസില്‍ വെക്കാന്‍
പാകമാക്കണം.


മരണം


ഹിജഡ ചത്താല്‍
ശവം കെട്ടിവലിക്കും.
ചെരുപ്പ് കൊണ്ടും
ചൂലുകൊണ്ടും തല്ലും.
ശവത്തില്‍ തുപ്പും.
ഇനി ഇങ്ങിനെ ജനിക്കരുത്.
പിന്നെ,
പാട്ടും നൃത്തവും കൊണ്ട്
മരണം കൊഴുപ്പിക്കും,
നീ മരിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷം എന്ന്.

ശവം മരവിച്ചങ്ങിനെ കിടക്കും.
ജീവിതത്തിന്റെ മരവിപ്പ് മാറിയിട്ടില്ലെന്ന്.


ആയുധവും അഭിനയവും കൊണ്ട് 
ജനതക്കുമേല്‍ ചാടിവീഴുന്ന 
അധിനിവേശക്കാരോട് ,
ഭരണകൂടങ്ങളോട് 
എനിക്കിതാണ്‌ പറയാനുള്ളത്. 
നിങ്ങള്‍ മരിച്ചാലും 
മരവിച്ചങ്ങിനെ കിടക്കില്ല.
കടച്ചുണ്ടില്‍ ഒരു പരിഹാസവുമായി
മലര്‍ന്നങ്ങിനെ കിടക്കും.
ഒരു വൃത്തികെട്ട അശ്ലീലത്തോടെ.

വെച്ചുകെട്ടുന്ന മുലകള്‍.



രാത്രി നഗര മൂലയില്‍
ഇവള്‍ എന്താണ് ചെയ്യുന്നത്?
അലങ്കരിക്കുകയാണ്.
വെച്ചുകെട്ടുന്നു മുലകളും
മുടിയും.

വിളക്കുകാലിനു ചുവട്ടില്‍
നിറഞ്ഞ പ്രകാശത്തില്‍
കണ്ണെറിഞ്ഞു വിളിച്ചു.
തരാമോ ആ കോപ്പുകള്‍?

വാളും ബോംബും പോരാ.
നിന്റെ ആയുധസന്നാഹം തന്നെയാണ്
നല്ലത്.

ചായക്കപ്പ്
ചുണ്ടോടടുപ്പിക്കുമ്പോള്‍ രാവിലെ കേട്ടിരുന്നു,
തെയിലചെടികള്‍ക്കിടയില്‍ നിന്നും
അമര്‍ന്നുപോയ ഒരു ഞരക്കം.
ഇഷ്ടികചുമരടരുകള്‍ക്കിടയില്‍ നിന്നും
ചൂളയില്‍ വെന്തുപോയ ഒരു നിലവിളി.

വെച്ചുകെട്ടിയ മുലകളുമായി
എനിക്കൊന്നിറങ്ങണം
ചോരകിനിയാത്ത്ത ഒരു യുദ്ധത്തിന്‌.

ഭ്രാന്ത്.



ചിലപ്പോള്‍,
വലിച്ചടച്ച വാതിലിനിടയില്‍
കുടുങ്ങിപ്പോയ വിരലുപോല്‍ അലറും.
ചിലപ്പോള്‍
പാറയിടുക്കില്‍ തലതല്ലി പൊട്ടിച്ചിരിക്കും തിരപോല്‍ 
മദിക്കും.

ചിലപ്പോള്‍ 
കളിപ്പാട്ടം കളഞ്ഞുപോയ കുട്ടിയെപ്പോലെ   
വെറുതെ കാല്‍മുട്ടുകള്‍ക്കിടയില്‍
തലതിരുകി
കുന്തിച്ചിരുന്നു കരയും 

മിഴാവുപോല്‍  
കൂത്തിനു താളമിടും

പുള്ളുവക്കുടംപോല്‍  
നാവോറിനു ഈണമിടും

നമുക്കിടയില്‍
എപ്പോഴും അരമണികിലുക്കി 
തുള്ളിത്തിമിര്‍ക്കും.

എനിക്കും നിനക്കുമിടയില്‍
നിറഭേദങ്ങളുടെ 
കരകാട്ടമാടും
ചടുല ശൂന്യതയുടെ 
ചങ്ങലക്കിലുക്കം,
പൊലിമയുള്ള 
ഭ്രാന്ത്.






ഗോവണി


ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
കാലപ്പെരുംബാമ്പ് പോലെയിപ്പാരിന്റെ
മാറില്‍ മലര്ക്കെക്കിടക്കുന്നതെന്തഹോ

കാറ്റും കടന്നലും തലയോട്ടി ചൂഴുന്ന,
കൂരിരുള്‍നാഗം കരള്‍ കൊത്തിയിഴയുന്ന,
കണ്ണില്‍ കരിക്കുന്നനൂറ്റം പുളയ്ക്കുന്ന
ഇപ്പ്രാണനുടലിന്റെ ബന്ധനം വെടിയുവാന്‍
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി


നിവര്‍ന്നു കിടക്കുന്ന
കാലത്തിന്റെ മറുപുറം
തിരഞ്ഞുള്ള യാത്രയില്‍,
പിരിയാതെ കൂടെയുള്ള
നിഴലേ,
ഒരു കൈതാങ്ങ് തരൂ..
ഇതൊന്നു നിവര്‍ത്തി വെക്കാന്‍.
ഇച്ഛകള്‍ നെറുകയില്‍ 
കത്തിയ കാലത്ത് 
ഓരോ പടികളിലും
ഊരിയെറിഞ്ഞ
ചമയങ്ങള്‍,
മൃഗത്തോല്‍ ചുറ്റിയ തൃഷ്ണകള്‍
തിരിഞ്ഞു കൊത്താന്‍ ഫണം വിടര്‍ത്തുന്നു.
നമുക്കീ പടികള്‍ കയറണം.

പ്രലോഭനങ്ങളുടെ
തോട്ടിലാട്ടത്ത്തില്‍
ഭ്രമിച്ചമര്‍ന്ന നാളുകളില്‍ നിന്നും
എനിക്കെന്നെ പറിച്ചെടുക്കണം.

അലങ്കാരങ്ങളാല്‍
പൊലിപ്പിക്കപ്പെട്ട
കാഴ്ചകളില്‍ നിന്നും
എളുപ്പം തിരോഭവിക്കണം.

ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
കാലപ്പെരുംബാമ്പ് പോലെയിപ്പാരിന്റെ
മാറില്‍ മലര്ക്കെക്കിടക്കുന്നതെന്തഹോ

കാറ്റും കടന്നലും തലയോട്ടി ചൂഴുന്ന,
കൂരിരുള്‍നാഗം കരള്‍ കൊത്തിയിഴയുന്ന,
കണ്ണില്‍ കരിക്കുന്നനൂറ്റം പുളയ്ക്കുന്ന
ഇപ്പ്രാണനുടലിന്റെ ബന്ധനം വെടിയുവാന്‍
നക്ഷത്ര മാനം തുളച്ചു ഞാന്‍ പരലോക
വാതില്‍പ്പടികളില്‍ ചാരിയ ഗോവണി
ആരോ മറിച്ചിട്ടതാണീ ഗോവണി
ആര് തട്ടി മറിച്ചതീ ഗോവണി

നിഷേധി



കണ്ണുകള്‍
പിഴെതുടുക്കുംപോള്‍ അവന്‍ ചിരിക്കും;
എന്നിലെ ബലഹീനത
നീ ചൂഴ്ന്നെടുത്തെന്ന്..

നാവ് അരിഞ്ഞെടുക്കുമ്പോള്‍
അവന്‍ ആഹ്ലാദിക്കും;
എന്റെ ശത്രുവിന്റെ കഴുത്തറുത്തല്ലോ എന്ന്.

തൂക്കിലേറ്റുമ്പോള്‍
പുഞ്ചിരിക്കുന്ന മൌനം കൊണ്ട്
അവന്‍ വിളിച്ചുപറയും;
എന്നെ നീ ഉല്‍കൃഷ്ടനാക്കുന്നു എന്ന്.

അവനുമേല്‍ നിന്റെ പരാജയം
നീ രേഖപ്പെടുത്തുക
അവന്റെ ഉയിരെടുത്താണ്.

അതുകൊണ്ടാണ്
പറയുന്നത്
രക്തസാക്ഷി
ഉയിര്ത്തെഴുന്നെല്‍ക്കുകയല്ല,
മരിക്കുന്നേ ഇല്ല.

എന്റെ പൂച്ച



എന്റെ പൂച്ച ഈയിടെയായി
എലിയെ പിടിക്കാറില്ല.

വന്യത അഴിച്ചു വെച്ച്
എന്റെ നിഴലുപോല്‍
കാല്‍ക്കീഴില്‍,
കസാരക്കീഴില്‍,
തലയിണപ്പുറത്ത്
വിഷാദിയായ്‌ ,
മൂകയായ്....

ഇവളെ ഞാന്‍ എന്ത് ചെയ്യണം?,
ഒരു പൂച്ചയായ്
പുനര്‍ നിര്‍മ്മിക്കാന്‍..

കടല്‍


ചെന്നിണം പരന്നപോല്‍ 

പശ്ചിമം ചുവന്നു.


മാറു തെല്ലോന്നുയര്ത്തി
തരളിതയായ്
മുടി വിടര്‍ത്തിയിട്ട്
കടല്‍ ഒന്നിളകി,


പിന്നെ,
തിരിഞ്ഞുകിടന്നു
ഒളിക്കണ്ണാല്‍
ചിരിച്ചു.


സൂര്യന്‍ മറഞ്ഞു.
തീരമൊഴിഞ്ഞു.


ഒരു തിരയെടുത്ത്
മടിയില്‍ തിരുകി
തിരിച്ചുപോന്നു.


വീട്ടില്‍
ഒരു കടലിനെ നട്ട് വളര്‍ത്തണം.

തുമ്പീ തുമ്പീ കല്ലെടുക്ക്



തുമ്പീ തുമ്പീ
കല്ലെടുക്ക്.

വെളുപ്പും കറുപ്പും മഞ്ഞയും
നിറങ്ങളുള്ള
മേഘങ്ങള്‍ക്കിടയിലൂടെ
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
ഇളം കൃഷ്ണമണികള്‍
പറന്നു നടന്നു.

ഇരുട്ടിന്റെ നിറമുള്ള വെളിച്ചവും
മൌനത്തിന്റെ ഈണമുള്ള സംഗീതും
നുരഞ്ഞുപോങ്ങുന്ന
മുറിയില്‍
മൂപ്പന്മാര്‍
കരാറുകള്‍ കൊറിച്ചു ചിരിച്ചു.

തുമ്പീ തുമ്പീ കല്ലെടുക്ക്..
ഉരുക്ക് കാലുകളുള്ള
ലോഹത്തുമ്പികള്‍
ലാസ്യത്തില്‍ പറന്നിറങ്ങി.

ഇളം കൃഷ്ണമണികള്‍
മഴയുടെ ഊഞ്ഞാല്‍ വള്ളികളില്‍
ചിരിയുടെ ഞാത്ത് കിലുക്കി.

കുഞ്ഞുങ്ങളുടെ കൃഷ്ണമണികളിലേക്ക്
ലോഹ വിരലുകള്‍
പൊള്ളിയിറങ്ങി

മരവിപ്പിന്റെ കിടക്കയില്‍
ഞങ്ങള്‍ മരംപോലെ കിടന്നു.

തുമ്പീ തുമ്പീ കല്ലെടുക്ക്..

കാട്ടില്‍



ഒരു കാട്ടില്‍
ഒരു ചെന്നായ ഉണ്ടായിരുന്നു..
ഒരു മുയലും.
ഒരു ദിവസം
പാവം മുയലിനെ
ചെന്നായ പിടിച്ചു തിന്നു.
ഉച്ചമയക്കത്തില്‍
ചെന്നായ ഒരു സ്വപ്നം കണ്ടു.
ഒരു സിംഹത്തോളം പോന്ന മുയല്‍
തന്നെ തിന്നാന്‍ വരുന്നു.
ചെന്നായ ഞെട്ടിയുണര്‍ന്നു.
മുയലിന്റെ
പല്ലും നഖവും
തോലും രുധിരവും
ചെന്നായയെ ഭയപ്പെടുത്തി.
ചെന്നായ എഴുന്നേറ്റോടി.
കാടും കടന്നു,
പുഴയും കടന്നു,
മലയും കടന്നു
ക്ഷീണിച്ചു, വിശന്നു തളര്‍ന്നു
അപ്പോള്‍ അതാ ഒരു മുയല്‍
തൊട്ടപ്പുറത്ത്
താമസിച്ചില്ല.
ചാടി വീണു.

നീയോ..ഞാനോ..



രണ്ടു മരങ്ങള്‍
വഴിവക്കില്‍
കൊമ്പു കോര്‍ത്തു
നീയോ ഞാനോ ..
താഴെ,
നിഴലുകള്‍ കെട്ടിപ്പുണര്‍ന്നു.
നീയോ ഞാനോ..

രാത്രി,
രണ്ടു കാളകള്‍
തൊഴുത്തില്‍ കൊമ്പു കോര്‍ത്തു.
നീയോ ഞാനോ..
പകല്‍
ഒരേ നുകത്തിന്‍ കീഴെ,
ഭാരം വലിച്ചു..
നീയോ..ഞാനോ.

ലെനിനും ചെഗുവേരയും


അടുക്കളയില്‍ നക്സലൈറ്റുകളുടെ ജാഥ?

ഉള്ളിയും ഇഞ്ചിയും അരിയപ്പെടുകയല്ല
പീരങ്കിയാല്‍ ആക്രമിക്കപ്പെടുകയാണ്.

ഒരാള്‍ക്കൂട്ടം അടുപ്പത്ത് തിളക്കുകയാണ്..

വര്‍ത്തമാന പത്രത്തില്‍ നിന്നും വാര്‍ത്തകളും പരസ്യങ്ങളും
തട്ടിമറിഞ്ഞു മുറിയാകെ ചിതറിക്കിടക്കുന്നു..

ഇന്നെന്താണ് എന്റെ വീട്ടില്‍
ലെനിനും ചെഗുവേരയും
ഗോഗ്വോ വിളിക്കുന്നത്‌...?

നല്ല തണുപ്പ്..
എനിക്കുറക്കം വരുന്നു..
ഞാന്‍ ഒന്നുകൂടി ഉറങ്ങട്ടെ..
ഇന്നത്തെ ദിനം കുറച്ചു കൂടി വൈകി തുടങ്ങിയാലെന്താ..?
പതിവുപോലെ കര്‍മ്മങ്ങളെല്ലാം നീട്ടിവെക്കാനുള്ളതല്ലേ...

തൊമ്മി



മരം കാറ്റിനോട് ചോദിച്ചു
പരിഭ്രമത്തിന്റെ ഇടറിയ ഈണവുമായി
നീ എവിടെനിന്ന് വരുന്നു?

രാത്രിയില്‍
വെളിച്ചമുള്ള വീട്ടില്‍ ഒളിഞ്ഞു നോക്കി.
ചെകുത്താന്‍
മാലാഖയുടെ അടിവസ്ത്രത്തിനിടയില്‍
ഭൂമിയിലെ ജനാപധിത്യം വായിക്കുകയായിരുന്നു

തിരിച്ചു വരുമ്പോള്‍
കണ്ടു
തൊമ്മി
അധോശബ്ദം പുറത്ത് വരാതിരിക്കാന്‍
അപാനത്ത്തില്‍
എഴുത്താണി തിരുകി
നഗ്നനായി കുനിഞ്ഞു നില്‍ക്കുന്നു,
സൌഭാഗ്യങ്ങള്‍ക്കു വേണ്ടി നീട്ടിയ കൈകളുമായി
എന്നിട്ടും ഒച്ച പുറത്തേക്കു പോയി

ജ്വലിച്ചു നിന്ന നക്ഷത്രങ്ങള്‍
ശടെന്നു കണ്ണുപൊത്തി

എന്നിട്ട്?
ഞാന്‍ ഓടി.

വഴിയില്‍
നിന്നെപ്പോലെ വിഷണ്ണനായി
നില്‍ക്കുന്ന ദൈവത്തെ കണ്ടു.
ദൈവം പറഞ്ഞു
ഭൂമിയില്‍ ജനാധിപത്യം നശിച്ചു എന്ന്.

മരമേ,
ഭൂമിയില്‍ അത് നശിച്ചിരിക്കുന്നു അല്ലെ?

വാ
തൊമ്മിയോടു ചോദിക്കാം.

ജിറാഫുകള്‍



കൌമാരേ ശാന്ത ഗംഭീരം
യൌവ്വനേ വശ്യ ഭയങ്കരം
സൈബരെ പ്രണയ സാഫല്യ
സംസ്കാരെ ജീര്‍ണ്ണ സുന്ദരം



ആരംഭ മൂര്ച്ചേ അന്ത്യം
ആസക്ത മോഹം സുരതം
ശിഷ്ടം സ്വപ്ന ദൈര്‍ഘ്യം
രോഗേ അശാന്ത നിര്‍ഭരം



ശീഘ്ര വാര്‍ധക്യ ഹേതു
അകാലെ പ്രജ്ഞ മൃത്യു



ശിഷ്ട ജീവിതം ശ്രേഷ്ടം

ന:കാമേ
ന: ക്രോധേ
ന: മോഹേ

പ്രാണ നിര്‍വ്വാണ അമ്നെഷ്യാത്മ മൃത്യു

ശോകമൂകം
ബന്ധുജനോ ജിറാഫുകള്‍...!

പ്രാവുകള്‍



മുയലുകള്‍ പ്രാവുകള്‍ക്ക് ഉപമയാകില്ല.
അവയ്ക്ക് പറക്കാനാകില്ല.

കാക്കകള്‍
പ്രാവുകള്‍ക്ക്
വിപരീത ഉപമയാകുന്നത്,
അവ കറുത്തതായതുകൊണ്ടാല്ല
തലചരിച്ചുള്ള കൌശല നോട്ടംകൊണ്ടാണ്.

കൊക്കില്‍ ഒലിവില കടിച്ചു പിടിച്ചു പറക്കുന്ന പ്രാവുകളെ
ഈയിടെ കാണാറേ ഇല്ല.

തൂവ്വല്‍ കുത്തില്‍ ചുരിക ഒളിപ്പിച്ച്
കൂടിനു വെളിയില്‍
കുറുകാതെ
പറക്കുന്ന
വെട്ടുകിളിയുടെ പ്രസരിപ്പുള്ള
ഒരു പ്രാവിനെ
ഞാനിന്ന് കണ്ടു.

സൈബര്‍ പ്രണയം



അടിവസ്ത്രം മുഷിഞ്ഞതാണെന്ന*
ആകുലതകള്‍,
സൈബര്‍ സ്പേസിലെ പ്രണയത്തിനില്ല.

നുണകളുടെ മേല്‍
ലോള്‍, കൂള്‍,
പതിച്ചാല്‍ മതി
വെളിപ്പെടുന്നതെല്ലാം
പ്രണയത്തിന്റെ
ഡിജിറ്റല്‍ സിഗ്നേച്ചര്‍.

വിവശമാകുന്ന മാനത്ത്
ഉറിയും ഊഞ്ഞാലും ഒരേപോലെ.

ഒറ്റ ലഞ്ച് ബ്രേക്കില്‍
ഒരായിരം സ്വപ്‌നങ്ങള്‍
കുത്തിവെളുപ്പിക്കും.

സുരതത്തിനിടയിലും
സ്റ്റോക്ക്‌മാര്‍കെറ്റില്‍ നേടാം.

തിരിഞ്ഞു കിടക്കുന്ന
സ്വപ്നം
പ്രണയത്തെ അട്ടിമറിക്കില്ല.


(അടിവസ്ത്രം മുഷിഞ്ഞതാണെന്ന*:-മിലാന്‍ കുന്ദേരയുടെ Life is elsewhere എന്ന നോവലിലെ ഒരു സന്ദര്‍ഭത്തിനോട് കടപ്പാട്.)

അകവിത



പൂക്കളില്ലയെന്‍ കവിതയില്‍; വശ്യമാം
ഹരിതാഭയില്ല,
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല,
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല,
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല;
അന്ധകാരദ്രവം വീണു പൊള്ളിയ
കെട്ട കാഴ്ചകള്‍,
കരള്‍ കീറിപ്പറിക്കും
കാരമുള്ളുകള്‍,
മുഖം പൊത്തി നില്‍ക്കുന്ന സൂര്യന്‍..
പക തിളയ്ക്കും കടല്‍,
ഭൂമി പിളര്‍ന്നു കുതിക്കുന്ന
തലയോട്ടികളുടെ മഹാപ്രവാഹം
പാതാളത്തിലേക്കുള്ള എണ്ണമറ്റ ഇരുട്ടിന്റെ പടികള്‍,
ഓരോ പടികളിലും കുനിഞ്ഞിരുന്നു പിറുപിറുക്കുന്ന
പിതൃക്കള്‍.

വിഷം തീണ്ടിയ കിനാപ്പാടങ്ങളില്‍
ചത്തുമലച്ച തത്തകള്‍,
ഗ്രഹങ്ങളുടെ ക്രോധച്ചൂടില്‍ ചിറകു കരിഞ്ഞു വീഴുന്ന
വെള്ളപ്പിറാവുകള്‍

ശവങ്ങള്‍ക്കുവേണ്ടി കൊക്ക് വിടര്‍ത്തി
കാത്തിരിക്കുന്ന കഴുകുകള്‍
തലയ്ക്കു മീതെ
പറന്നു പാഞ്ഞു തീ തുപ്പുന്ന ലോഹശലഭങ്ങള്‍.

പൂക്കളില്ലയെന്‍ കവിതയില്‍; വശ്യമാം
ഹരിതാഭയില്ല,
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല,
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല,
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല;
അന്ധകാരദ്രവം വീണു പൊള്ളിയ
കെട്ട കാഴ്ചകള്‍.

വിധി


വിധി

ഇതെന്റെ വിധി.
നിന്റെയും.

വേഗവും ഗതിയും
എനിക്ക് നിയന്ത്രിക്കാനാവില്ല.
ഞാന്‍ ഇപ്പോള്‍ ആയുധം.

മാങ്ങയായിരുന്നല്ലോ കുട്ടീ നിന്റെ ലക്‌ഷ്യം
കൊമ്പില്‍ തട്ടി ഞാന്‍ തിരിച്ചു വരികയാണ്.
നിന്റെ കണ്ണിലേക്ക്.

ഇത് നിന്റെ വിധി.
എന്റെയും.

അമ്മ



അമ്മേ,
ഞാനിപ്പോഴും
മഴയത്തിറങ്ങി നില്‍ക്കും

പനിപിടിക്കും.


ജ്വരക്കിടപ്പില്‍, തേളും, തെരട്ടയും
പെരുവിരല്‍ മണപ്പിക്കും കറുത്ത നായും വരും..

ഞാനിനിയും മഴയത്തിറങ്ങി നില്‍ക്കും..

മരണശേഷം
ഒരിക്കല്‍
മഴയായ് പെയ്യുമെന്ന്
അമ്മതന്നെയല്ലേ..പറഞ്ഞത്..?

ഏതു മഴയാണത്‌..

അമ്മേ, മഴക്കിപ്പോള്‍ ഒരു കുളിരുമില്ല..
അന്നത്തെപ്പോലെയല്ല..
വെറും മഴ..

അമ്മ എന്നാണു പെയ്യുന്നത്..?
ഞാന്‍ ഓരോ മഴയിലും അമ്മയെ കാത്തിരിക്കും..

യുദ്ധം


യുദ്ധം

നീ യുദ്ധം ചെയ്യുന്നത് ആരോടാണ്..?
മാവേലി സ്റ്റോറിനു മുന്നിലെ വരിയില്‍ തള്ളിക്കയറുന്ന
നുഴഞ്ഞു കയറ്റക്കാരനോട്..?
വായനമുറിയിലേക്ക്‌ അതിര്‍ത്തി ലംഘിച്ചു വന്ന്
പ്രണയം കൊണ്ട് അടുപ്പ് പുകയില്ലെന്നു പറഞ്ഞ
ശത്രുരാജ്യത്ത്തിലെ (അടുക്കള) രാജ്ഞിയോട്..?
ചില്ലറയില്ലെന്ന് പറഞ്ഞു കണക്കു തീര്കാത്ത്ത
കണ്ടക്ടരോട്..?
ചീഞ്ഞ തക്കാളിയിട്ട് തൂക്കം മുട്ടിക്കുന്ന
പച്ചക്കറിക്കാരനോട്..?
നീ യുദ്ധം ചെയ്യുന്നത് ആരോടാണ്..?

അച്ഛനായും, മകനായും,
സഹോദരനായും, ഭര്‍ത്താവായും
കാമുകനായും, ജാരനായും
തരാതരം കെട്ടിയാടുന്ന
നിന്നിലെ നാട്യക്കാരന്‍,

ദുരാഗ്രഹി,
കാമാര്‍ഥി,

ഏതു ദുരവസ്ഥകളോടും
എളുപ്പം സമരസപ്പെടുന്ന
നിന്നിലെ അവസരവാദി,

നക്കാപ്പിച്ചകള്‍ക്ക്‌ വേണ്ടി
മുഖത്ത് തേച്ച
കപട നിക്ഷ്പക്ഷത,

ആരുടെ മുന്നിലും
വളഞ്ഞുകൊടുക്കുന്ന
വിധേയത്വം,

ശത്രുവിനോടും ഇളിച്ച്ചുകാട്ടുന്ന
അലക്കി വെളുപ്പിച്ച മാന്യത,

നീ യുദ്ധം തുടങ്ങേണ്ടത് നിന്നോടാണ്.
നിന്നിലുള്ള
അധിനിവേശക്കാരനായ
കാപട്യത്തോട്‌

അകവിത

പൂക്കളില്ലയെന്‍ കവിതയില്‍; 
വശ്യമാം ഹരിതാഭയില്ല, 
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല, 
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല, 
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല; 


അന്ധകാരദ്രവം വീണു പൊള്ളിയ കെട്ട കാഴ്ചകള്‍,
കരള്‍ കീറിപ്പറിക്കും കാരമുള്ളുകള്‍, 
മുഖം പൊത്തി നില്‍ക്കുന്ന സൂര്യന്‍..  
പക തിളയ്ക്കും കടല്‍,  
ഭൂമി പിളര്‍ന്നു കുതിക്കുന്ന  
തലയോട്ടികളുടെ മഹാപ്രവാഹം  
പാതാളത്തിലേക്കുള്ള എണ്ണമറ്റ ഇരുട്ടിന്റെ പടികള്‍,  
ഓരോ പടികളിലും 
കുനിഞ്ഞിരുന്നു പിറുപിറുക്കുന്ന പിതൃക്കള്‍.  


വിഷം തീണ്ടിയ കിനാപ്പാടങ്ങളില്‍  
ചത്തുമലച്ച തത്തകള്‍,  
ഗ്രഹങ്ങളുടെ ക്രോധച്ചൂടില്‍ 
ചിറകു കരിഞ്ഞു വീഴുന്ന വെള്ളപ്പിറാവുകള്‍ 
ശവങ്ങള്‍ക്കുവേണ്ടി 
കൊക്ക് വിടര്‍ത്തി കാത്തിരിക്കുന്ന കഴുകുകള്‍  
തലയ്ക്കു മീതെ  
പറന്നുപാഞ്ഞു തീ തുപ്പുന്ന ലോഹശലഭങ്ങള്‍.  


പൂക്കളില്ലയെന്‍ കവിതയില്‍; 
വശ്യമാം ഹരിതാഭയില്ല, 
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല, 
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല, 
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല; 
അന്ധകാരദ്രവം വീണു പൊള്ളിയ കെട്ട കാഴ്ചകള്‍.


കണ്ണുകള്‍

അമ്മുവിന്‍റെ കടംകഥയില്‍

വെളുത്ത പിഞ്ഞാണത്തില്‍
കറുത്ത മുന്തിരി !


ഞാന്‍ കണ്ടത്
മുന്തിരിയില്‍ ചൂഴുന്ന
കരിന്തേള്‍ കൊമ്പുകള്‍ ;

സ്പടിക മിനുസമുള്ള
വയലറ്റ് ഗോളങ്ങള്‍ക്കിടയിലെ 
ഇരുട്ടിലിഴയുന്നൂ,   
അമര്‍ന്ന ഞെരക്കങ്ങള്‍,
വിലാപങ്ങള്‍,
ആരവങ്ങള്‍,
അട്ടഹാസങ്ങള്‍,
കൊടും ക്രൂരമാം മുരള്‍ച്ചകള്‍.


മധുരങ്ങള്‍ക്കിടയിലെ
നിഴലുകളില്‍
പതിയിരിക്കും 
ഭീതിദമാം
കാഴ്ചകള്‍ കാണാന്‍
വശപ്പെടാത്ത
കുട്ടികള്‍,
കുട്ടികളെത്ര ഭാഗ്യര്‍.

പോരാളിയുടെ വിശുദ്ധി


ആകാശം, 

നുണകളുടെ പന്തലിപ്പ്
നിറങ്ങളുടെ കൂട്ടുകാരാ
പച്ച മേഘങ്ങളും കറുത്ത നക്ഷത്രങ്ങളും
നിന്‍റെ കാഴ്ച്ചയുടെ മറുപുറത്ത്
പ്രദര്‍ശനത്തിനു കാത്തു നില്‍പ്പുണ്ട്
നിന്‍റെ കൃഷ്ണ മണികളില്‍
പെയ്തുവീഴാന്‍ ചോരച്ച ഒരു മേഘം
നുണയുടെ പന്തലിപ്പില്‍ ഉരുണ്ടു കൂടുന്നുണ്ട് ....
വ്യക്തതയുടെ കണിശക്കാരാ..
നീര്‍ ചോലകള്‍ക്കും
മലകള്‍ക്കും ഹരിതമേടുകള്‍ക്കും അപ്പുറത്ത്
വരണ്ടുണങ്ങിയ സ്വപ്നങ്ങളുടെ
വറുതി തീരം
മഴയത്ത് കളിക്കുന്ന കുട്ടികളുടെ ആര്പ്പുവിളികള്‍ക്ക്
കാതോര്‍ത്തു കിടക്കുന്നുണ്ട്
നിന്‍റെ കിനാവുകളുടെ വിളവെടുപ്പ്
മരിച്ചവന്റെ കണ്ണുകളിലേക്കു വരിവെച്ചു നീങ്ങുന്ന
കറുത്ത ഉറുമ്പുകളുടെ ഉത്സവമാണ്...
നിന്‍റെ നൊമ്പരങ്ങളുടെ ഈറന്‍ കയ്പ്പ്
ബലിക്കല്ലുകളില്‍ ഉടഞ്ഞുവീണ
പോരാളിയുടെ വിശുദ്ധിയാണ് ...

ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന മണ്‍കുടത്തിലെ ഒഴിവ്



1. പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്......


ആഴമളക്കുന്നതിന് തൊട്ടുമുന്‍പ്
മുകളിലേക്ക് കണ്ണയച്ചാല്‍,
ദൈവമില്ല ചെകുത്താനില്ല.

ആകാശം അഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും.
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും


2. ചാവേര്‍ ലിപികളുടെ സീല്‍ക്കാരങ്ങള്‍


ഞാന് + നീ = നാം.

യുദ്ധവും സന്ധിയും ഇടകലര്‍ന്ന
സങ്കീര്‍ണ്ണ രൂപകം.
ഇരമ്പിത്തെറിച്ച് പൊട്ടിശ്ശൂന്യമാകുന്ന
ചാവേര്‍ ലിപികളുടെ
ലളിത ഗണിത സമവാക്യം.
അലഞ്ഞും
അലിഞ്ഞും
അറിഞ്ഞും
അഴുകിയും
ഒടുങ്ങിപ്പോകുന്ന സീല്‍ക്കാരങ്ങള്‍.
നിലവിളിച്ച്, ചിരിച്ച്, അട്ടഹസിച്ച്, തേങ്ങി;
ഉരസലുകളുടെ ക്രമാനുക്രമ വിന്യാസങ്ങള്‍നിര്‍മ്മിച്ച
വിപരീതങ്ങളുടെ പടുശ്ശ്രുതി


3. അട്ടിമറിക്കപ്പെടുന്ന ക്രമങ്ങള്‍


വിഭ്രാന്തിയുടെ പെരുമ്പറയറിപ്പ്.

നാം 
അഴുകേണ്ടവരാണെന്ന്.

(അകത്തുനിന്നോ പുറത്തുനിന്നോ..?)
കലാശശേഷം ശാന്തമാകുന്ന പരിസരം.
പെരുമ്പറയുടെ അലകള്‍
ചിറകടിച്ചകലുമ്പോള്‍
വസ്തുക്കള്‍ അതതുക്രമങ്ങളിലേക്ക്
വീണ്ടും സ്ഥിരപ്പെടുന്നു!
പശ്ചാത്തലത്തില്‍
സദാ,
(എന്നാല്‍ ഇപ്പോള്‍ മാത്രം ഞാനറിഞ്ഞ)
സമയഘടനയുടെ
മുറിഞ്ഞു മുറിഞ്ഞ ത്രസിപ്പ്
(അബോധത്തിന്റെ പോയകാലത്തിലേക്ക്
പ്രജ്ഞയെ തിരിച്ചു നിര്‍ത്തുന്നു).
ഇത്ര ഘോരമായി
ചിട്ടകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍
നാം എവിടെയായിരുന്നു?
നീ അപ്പോഴും ഇതുപോലെ ശാന്തമായ്
ഉറങ്ങുകയായിരുന്നോ..?
ഓര്‍മ്മയിലേക്കുള്ള നിന്റെ കടന്നുവരവ്
അലസം,
എത്ര അകലെനിന്നാണ്..?





4. ഇടം തിരയുന്ന ഞാനെന്ന ഇടം

ഞാന്‍ എവിടെയാണ്.?

അപ്രമേയതയുടെ വിറങ്ങലിച്ച ഉടല്‍
നിശ്ചയമായും വേര്‍പ്പെട്ടിരിക്കുന്നു.


നിന്റെ നാഭീദേശത്തുനിന്നും
ഇറങ്ങിപ്പോന്ന
ചോരവാര്‍ന്നു വിളറിയ ജഢം;
നിശ്ചലമായ തോല്‍വിയുടെ അനക്കം.


നിന്റെ തുടകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍
കണ്‍തടങ്ങളില്‍
കരുവാളിച്ച മേഘപാളികള്‍.


അറുത്തുമാറ്റപ്പെട്ട ശിരസ്സ്
ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച്
നേര്‍മുകളില്‍ വട്ടമിട്ടുപറക്കുന്നു
(ആരുടെ
കാന്തികവലയത്തില്‍?)



ഞാന്‍ എന്നതിന്റെ ഒളിത്താവളം
ഇപ്പോഴെവിടെയാണ്?

നിശ്ചലമായ ഉടല്‍,
ഭ്രമണം ചെയ്യുന്ന തല,
ഉറങ്ങുന്ന നീ,
കിടപ്പറയിലെ മറ്റു വസ്തുക്കള്‍...
എവിടെയാണു
എവിടെയാണു ഞാന്‍
ജാഗ്രമാകുന്നതു..?

5. മാറിമറിയുന്ന നിറമില്ലായ്മയുടെ ഒളിനിറങ്ങള്‍


കണ്ണില്‍
കട്ടപിടിച്ച നിറമില്ലാത്ത ശൂന്യത.


മഞ്ഞ, ചോപ്പ്,
ചോര;
ഇടവപ്പാതി കുത്തിയൊലിക്കുന്ന;


നിറങ്ങള്‍ കൂടിക്കലര്‍ന്ന
നിറമില്ലായ്മകളുടെ ഒളിനിറങ്ങള്‍
മാറിമറിയുന്നുവോ.?

ഇഴയുന്ന ഏകാന്തത.


ഞാന്‍;
ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന
മണ്‍കുടത്തിലെ
ഒഴിവ്.

6. ഉറുമ്പുകള്‍ ഭീതി ജനിപ്പിക്കുന്നത്


ഉറുമ്പുകളുടെ
ചിട്ടയായ ആര്‍പ്പുവിളിയില്‍
അമര്‍ന്നുപോകുന്നൂ എന്റെ ശബ്ദം
വായുവില്‍ നൃത്തം ചെയ്യുന്ന ശിരസ്സേ
നിര്‍ത്തൂ നിന്റെ ചന്തമില്ലാത്ത നര്‍ത്തനം.
തകര്‍ക്കാമോ ഈ ചുമരുകളെ..?
ഉറുമ്പുകള്‍ക്കന്നമാകാന്‍ കൊടുക്കരുതെന്റെ കണ്ണുകളെ.
ഉറങ്ങാതെ, ഉറങ്ങാതെ,
കാത്തതല്ലെ.. ഇത്രനാളും...


കബന്ധത്തിന്റെ കിടപ്പ്,
പിരിഞ്ഞകന്ന
പരാചയത്തിന്റെ അസംബന്ധ ചിഹ്നം.


എന്നോടു ചേരാമോ ഒരിക്കല്‍കൂടി..?
ഒന്നെഴുന്നേറ്റ് തനിയെ വീഴാന്‍,
മുട്ടുകുത്തി നടക്കാനും,
കരയാനും ചിരിക്കാനും
എനിക്കെന്നെ പുനര്‍നിര്‍മ്മിക്കാന്‍

7. ഞാന്‍, നീ, നാം


അനന്തമായ താഴ്ചയുടെ വക്കില്‍
കാലുറപ്പിച്ച്,
കൈകള്‍ കോര്‍ത്ത്
നാം 
താ
ഴേ
ക്കു
നോക്കുക.
ദൃശ്യമാകലിന്റെ അവസാന ബിന്ദുവില്‍
നിന്റെ മേല്‍ചുണ്ടിനു മുകളിലെ
അരിമ്പാറയോളം പോന്ന ഇരുണ്ട പൊട്ട്.
കറുത്ത ആകാശം.
നാമറിയുന്നതേയില്ല,
പാര്‍ശ്വങ്ങളിലേക്കു പടര്‍ന്ന്
മരങ്ങള്‍ക്കും മലകള്‍ക്കും പുറകിലൂടെ
വളര്‍ന്നുപൊങ്ങി
നിറം മാറി
തലക്കു മുകളില്‍
വിടര്‍ന്നുനില്‍ക്കുന്ന
അസത്യത്തിന്റെ കടല്‍.


നോക്കൂ
നാം നിന്നിടം
ശൂന്യം.


ഓരോന്നും അപ്രത്യക്ഷമായത്
നമ്മുടെ അസാന്നിദ്ധ്യത്തിന്റെ അടയാളം.


8. ശൂന്യത


ആഴമളക്കുന്നതിനു തൊട്ടുമുന്‍പ്
നാം 
മുകളിലേക്കു നോക്കുക
ദൈവമില്ല.
ചെകുത്താനില്ല.
ആകാശം അഴിഞ്ഞഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും


ഞാനും നീയും
കാലത്തിന്റെ ചുരുളുകളിലൂടെ
ഓര്ബിറ്റുകള്‍ മുറിച്ചുനീന്തി,
പറന്നുകൊണ്ടേ...
പറന്നുകൊണ്ടേ...