നുണ

ഞാന്‍ പുറപ്പെടുന്നതിനു മുന്‍പ്
മറന്നു വെച്ചിരുന്നു
ഒരു സ്വപ്നം.

നീ വരുമ്പോള്‍,
കൊണ്ടുവരും എന്ന് കാത്തു.

മുനിഞ്ഞു കത്തുന്ന
മൂട്ടവിളക്കുപോല്‍
മുഖം കെട്ട്,
നീ എന്താ ഇങ്ങിനെ

എനിക്കറിയാം,
നീ പറയാതെ പറഞ്ഞ കനവുകളില്‍
ഉടുക്കാതെ ഉടുത്ത കസവുകളില്‍,
അതും ഒളിപ്പിചിട്ടുണ്ടാകും.

നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.

നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.

കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്‌
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച.

കിനാവിന്റെ കളഞ്ഞുപോയ
ഒളിയിടത്ത്തില്‍,
കുരിശു വരയ്ക്കുന്നതിനു മുന്‍പ്
ഓര്‍ക്കുക,
സുരത ശേഷം ഒടിഞ്ഞു തൂങ്ങുന്ന ലിംഗംപോല്‍
കഴുത്തൊടിഞ്ഞു നില്‍ക്കുന്ന കുരിശേന്തിയവന്റെ മുഖം.
പാപി.
ഉയിര്‍ത്തെഴുന്നേറ്റത്രേ,
ശുദ്ധ നുണ.

ചാവുമ്പോള്‍ (3 കവിതകള്‍)




1.
മഠപ്പറമ്പിലെ കിണറ്റില്‍
ചത്തു പൊന്തിയ മാലാഖയുടെ
കുഴിയില്‍ മണ്ണിട്ട്‌ തിരിച്ചു നടന്ന
മൂന്നാമത്തെ വിശുദ്ധന്റെ
മൂക്കത്ത്
കഷ്ടത്തിന്റെ
മണ്ണ് പറ്റിയതിങ്ങനെ:
പാകമാവുന്നതും കാത്തു കാത്തിങ്ങനെ..ഛെ..




2.
ജനിച്ചപ്പഴേ ചത്ത
കുഞ്ഞിനു കുഴിതോണ്ടുമ്പോള്‍
കുഴിവെട്ടുകാരന്റെ എളിയിലുരുന്ന
മെനക്കടി കയ്ക്കോട്ടിനോട് : മരിപ്പെന്നു പറഞ്ഞാല്‍ ഇങ്ങിനെയാവണം.
അല്ലെ ചങ്ങാതീ, ആളെ മെനക്കടിക്കാതെ.



3.
തൂങ്ങിച്ചത്തവന്റെ
കെട്ടറുത്ത് താഴെക്കിടത്തിയപ്പോള്‍,
നെഞ്ചില്‍ മുളകീറി, പെണ്ണ്:
കാലമാടന്‍ ചത്തപ്പോഴും 
കുട്ട്യോളെ പേടിപ്പിച്ചല്ലോ ദൈവേ..

നമ്മുടെ പ്രണയം.




എന്തെങ്കിലും പുതുമയുള്ള ഒരു ഉപമ വേണം
നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.
എങ്കിലേ എനിക്കീ പ്രണയഗീതം പാകമാക്കി സമ്മാനിക്കാനാകൂ..


കബാബു തിന്നിട്ടുണ്ടോ നീ
കമ്പിയില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന ഇറച്ചി.


നോക്കൂ,
ചുട്ടു പഴുത്ത കമ്പിയില്‍ കോര്‍ത്തു നില്‍ക്കുന്ന രണ്ടു ഇറച്ചിക്കഷ്ണങ്ങള്‍..
തല്‍ക്കാലം ആ ഇറച്ചി തുണ്ടുകള്‍ നമ്മുടെ ഹൃദയങ്ങളാണെന്ന് നിരൂപിക്കുക.
(അവയെ കോര്‍ത്തു നിര്‍ത്തുന്ന കമ്പിയാണ് പ്രണയം.)

വേണ്ട,
ഈ ഉപമ വേണ്ടാ നമുക്ക്, നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.



പൂവ്വ്, കല്ല്‌, മുള്ള്, പാറ, നദി, കടല്‍,
ഹോ.. ഒന്നും പോരല്ലോ..


ഉയരമുള്ള മരത്തില്‍ തൂങ്ങിക്കിടക്കുന്ന തൂക്കണാം കുരുവിയുടെ കൂടുകള്‍...
വേണ്ടാ, അത് ക്ലീഷേ ആകും. 
അല്ലെങ്കിലും, കുരുവി, കുയില്‍, മയില്‍, 
ഇതൊന്നും
പഴയപോലെ അത്ര രസമുള്ള ഉപമകളല്ല.



നീ എന്താണ് ചെയ്യുന്നത്,
എല്ലാം ഇന്ന് തന്നെ അലക്കി വെളുപ്പിച്ചു ഇസ്തിരിക്കിട്ടു വെക്കണോ..

ഓ.. കിട്ടിപ്പോയി,



ഇപ്പോള്‍ നീ അഴയില്‍ തൂക്കിയിട്ട രണ്ടു പൈജാമകള്‍..
അവ കൊള്ളാമല്ലോ.. 
മഞ്ഞയും ചുവപ്പും പുള്ളികളും പൂക്കളൊക്കെയുണ്ട് ..

നനഞ്ഞ് ഒട്ടിയങ്ങനെ പരസ്പരം തൊട്ടു ചേര്‍ന്ന്
ഒരേ കയറില്‍ ..

ശരിക്കും ചേരും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.
ഇനി കയറിന്റെ (പ്രണയത്തിന്റെ) അപനിര്‍മ്മാണം,
കവിതയുടെ മറ്റു അലങ്കാരങ്ങള്‍,
ഇന്നത്തേക്ക് നേരമ്പോക്കായി.