മരിപ്പ്.


രാവെന്ന ലോഹനീരൊഴുകിക്കനത്ത

മുലക്കണ്ണ് പൊട്ടിത്തെറിക്കും മഴ,
മോഹധൂളികളമര്‍ന്നുപോം ചിത്തം,
കറുകമോതിരം നീട്ടും ജലം,
വാപിളര്‍ക്കും ജരി,
നാക്കിലയില്‍ അരി
എള്ള്, ചന്ദനം, ഗന്ധപത്രം.
പുകയൊടുങ്ങാത്ത
ഭ്രമത്തിന്‍ ചുടുകാട്.


(മതി, വായന മതി.
അവര്‍ കാട്ടിലേക്ക് പോകട്ടെ), ബന്ധങ്ങള്‍
കെട്ടുപിണഞാടുന്ന
ജീവിത മഹാനാടകത്തിന്‍
തിരശ്ശീല വീഴട്ടെ.


ചാവെന്ന ചൂലാന്‍ വിളിചാര്ത്ത് വന്നെത്തി-
യകക്കണ്ണു പൊട്ടേ ചിരിക്കുന്നു നോവ്‌.


പൊട്ടിച്ചെടുക്കുക വേഗമീ ബന്ധനം
അട്ടഹസിക്കും മഴക്കുന്നിലേക്കുള്ള
നൂല്ക്കോണി കേറാന്‍ തുടങ്ങട്ടെ ഞാനും.

രക്തധാരയില്‍ചീറ്റിയൊഴുകുന്ന
രക്തധാരയില്‍:


ഇളകിയാടുന്ന
ഉന്മാദത്തിന്റെ
സൂര്യകാന്തിപ്പാടം,

വെള്ളപുതച്ചു
നീണ്ടു നിവര്‍ന്നു കിടക്കുന്ന
സ്വപ്ന ജലധി,

നമുക്കിടയില്‍
ഇടിവെട്ടി കുടചൂടിയെഴുന്നേറ്റ
പ്രണയത്തിന്റെ മേഘക്കൂണ്‍, .

അമ്മയുടെ മരണത്തില്‍
വാ അടഞ്ഞുപോയ
മൂകയാം ബലാഗുളിച്യാതി കുപ്പി,.

അടര്‍ന്നു വീഴാറായ
ബോധത്തിന്റെ റെറ്റിന,

ആക്കം കുറഞ്ഞിരിക്കുന്നു ഒഴുക്കിന്,
ഭംഗി തീരെയില്ലാത്ത
നീല വാക്കുകള്‍ കലര്‍ന്ന്
ഇരുണ്ട ചുവപ്പായിരിക്കുന്നു, ചോരയുടെ.

ഇതാ,
തിരിച്ചുകൊടുക്കാന്‍ കഴിയാഞ്ഞ
കടങ്ങള്‍ പുറപ്പെട്ടിരിക്കുന്നു,
ചിതക്കുള്ള വിറകു കൊള്ളികള്‍ പോലെ.

മഞ്ഞപ്പാടം
തലയില്‍
കത്താന്‍
തുടങ്ങിയിരിക്കുന്നു.

വഴിഈ വഴിയിലൂടെ പോയാല്‍ കാണാം,
പാടത്തിനപ്പുറത്ത്, നെഞ്ചുയര്‍ത്തി നില്‍ക്കുന്ന മല
ഏകനായ ഒരു വൃദ്ധനെയും.
വൃദ്ധന്‍ മല കിളയ്ക്കുകയല്ല;
വെറുതെ അടിവാരത്തെ പുല്ലു പറിക്കുകയാണ്.

ഈ വഴിയിലൂടെ പോയാല്‍ കാണാം
ചെമ്പടര്‍പ്പുകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന
ഗന്ധമില്ലാത്ത്ത പൂക്കള്‍ .
തൊട്ടാല്‍ പ്രാന്ത് പിടിക്കുമത്രേ,
കുട്ടികളോട് പറയണം.

ഈ വഴിയിലൂടെ പോയാല്‍ കാണാം,
തേളിന്‍ കുഞ്ഞുങ്ങളെ ശേഖരിച്ചു കുപ്പിയില്‍ നിറക്കുന്ന ഏട്ടനെ.
പുതിയ വിനോദം.
മീറ്റിങ്ങുകള്‍ക്കിടയില്‍ രഹസ്യമായി
വിതറിയിടാറുണ്ടത്രെ
പെറ്റു പെരുകട്ടെ എന്ന്.

ഈ ഇടവഴിയിലൂടെ ഇനി വരാനുള്ളത്,
ഉച്ചി പൊട്ടിത്തെറിച്ച കനവുകളാണത്രേ
നിന്റെ നെഞ്ചിലേക്ക് തുറന്നിട്ടിരിക്കുന്ന കൈതോടിലൂടെ
ആത്മാവ് കെട്ട സ്വപ്നങ്ങളുടെ ചലം ഒഴുകിയൊഴുകി വരും
എന്നിട്ട്,
ഇടനെഞ്ചിലെ പാറക്കൂട്ടങ്ങളില്‍
തലതല്ലി ചിരിക്കും.

മുത്തം


കമിതാക്കളുടെ 

ചുംബനത്തിന്റെ
പതിഞ്ഞ സീല്‍ക്കാരമല്ല,
തീവണ്ടികളുടെ ചുംബനത്തിന്.
ദിഗന്തങ്ങള്‍ വിറയ്ക്കും.

മണ്‍ വെട്ടിയുടെ ചുംബനം നിലക്കുന്നതു
ഭൂമിയുടെ കണ്ണുനീര്‍ കണ്ടാല്‍.

വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന മുത്തം
കാണുന്നവര്‍ നിന്നനില്‍പ്പില്‍ ഉരുകും.
ഏതു കൊടിയുടെ തണലില്‍ നിന്നാലും.
സ്വര്‍ണ്ണ മത്സ്യം

പായല്‍പച്ചകള്‍ക്കിടയിലൂടെ 

ഊളിയിട്ടും,
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
മേലോട്ട് പൊന്തി,
തെല്ലൊന്നു വാതുറന്നു
വീണ്ടും,
കണ്ണാടിതന്നടിവയറ്റില്‍ 
കൊക്കുരുമ്മി,
മിന്നിത്തെന്നി നീന്തും
സ്വര്‍ണ്ണ മത്സ്യമേ 
നീ 
ഓര്‍മ്മകളെപ്പോലെ;
എന്റെ വറുതിയിലെ
ഉഷ്ണധൂളികള്‍ക്കിടയിലൂടെ
ഊളിയിട്ടും,
മലര്‍ന്നും,
ചരിഞ്ഞും,
മറിഞ്ഞും,
എന്നെ കൊണ്ടു  പോകവേ
ഏതു പച്ചപ്പില,-
ന്നേതു വിരല്‍ സ്പര്‍ശമാണിന്നു  
നീയെന്‍ ഹൃദയ ഭിത്തിയില്‍
വീണ്ടുമേ കോറിടുന്നു.