അകവിതപൂക്കളില്ലയെന്‍ കവിതയില്‍; വശ്യമാം
ഹരിതാഭയില്ല,
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല,
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല,
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല;
അന്ധകാരദ്രവം വീണു പൊള്ളിയ
കെട്ട കാഴ്ചകള്‍,
കരള്‍ കീറിപ്പറിക്കും
കാരമുള്ളുകള്‍,
മുഖം പൊത്തി നില്‍ക്കുന്ന സൂര്യന്‍..
പക തിളയ്ക്കും കടല്‍,
ഭൂമി പിളര്‍ന്നു കുതിക്കുന്ന
തലയോട്ടികളുടെ മഹാപ്രവാഹം
പാതാളത്തിലേക്കുള്ള എണ്ണമറ്റ ഇരുട്ടിന്റെ പടികള്‍,
ഓരോ പടികളിലും കുനിഞ്ഞിരുന്നു പിറുപിറുക്കുന്ന
പിതൃക്കള്‍.

വിഷം തീണ്ടിയ കിനാപ്പാടങ്ങളില്‍
ചത്തുമലച്ച തത്തകള്‍,
ഗ്രഹങ്ങളുടെ ക്രോധച്ചൂടില്‍ ചിറകു കരിഞ്ഞു വീഴുന്ന
വെള്ളപ്പിറാവുകള്‍

ശവങ്ങള്‍ക്കുവേണ്ടി കൊക്ക് വിടര്‍ത്തി
കാത്തിരിക്കുന്ന കഴുകുകള്‍
തലയ്ക്കു മീതെ
പറന്നു പാഞ്ഞു തീ തുപ്പുന്ന ലോഹശലഭങ്ങള്‍.

പൂക്കളില്ലയെന്‍ കവിതയില്‍; വശ്യമാം
ഹരിതാഭയില്ല,
നറുപാല്‍ വെളിച്ചം ചുരത്തുന്ന പൂനിലാവില്ല,
കിനാവിന്റെ മഴവില്ല് വിരിയുന്ന വിണ്ണില്ല,
ചിരിയുടെ കൊളുസുകിലുക്കും പുഴകളില്ല;
അന്ധകാരദ്രവം വീണു പൊള്ളിയ
കെട്ട കാഴ്ചകള്‍.

1 comment:

Bijli said...

Aasthikaliloode arichirangunnundu..thankalude oro kavithayum..