രക്തധാരയില്‍ചീറ്റിയൊഴുകുന്ന
രക്തധാരയില്‍:


ഇളകിയാടുന്ന
ഉന്മാദത്തിന്റെ
സൂര്യകാന്തിപ്പാടം,

വെള്ളപുതച്ചു
നീണ്ടു നിവര്‍ന്നു കിടക്കുന്ന
സ്വപ്ന ജലധി,

നമുക്കിടയില്‍
ഇടിവെട്ടി കുടചൂടിയെഴുന്നേറ്റ
പ്രണയത്തിന്റെ മേഘക്കൂണ്‍, .

അമ്മയുടെ മരണത്തില്‍
വാ അടഞ്ഞുപോയ
മൂകയാം ബലാഗുളിച്യാതി കുപ്പി,.

അടര്‍ന്നു വീഴാറായ
ബോധത്തിന്റെ റെറ്റിന,

ആക്കം കുറഞ്ഞിരിക്കുന്നു ഒഴുക്കിന്,
ഭംഗി തീരെയില്ലാത്ത
നീല വാക്കുകള്‍ കലര്‍ന്ന്
ഇരുണ്ട ചുവപ്പായിരിക്കുന്നു, ചോരയുടെ.

ഇതാ,
തിരിച്ചുകൊടുക്കാന്‍ കഴിയാഞ്ഞ
കടങ്ങള്‍ പുറപ്പെട്ടിരിക്കുന്നു,
ചിതക്കുള്ള വിറകു കൊള്ളികള്‍ പോലെ.

മഞ്ഞപ്പാടം
തലയില്‍
കത്താന്‍
തുടങ്ങിയിരിക്കുന്നു.

No comments: