വഴിഈ വഴിയിലൂടെ പോയാല്‍ കാണാം,
പാടത്തിനപ്പുറത്ത്, നെഞ്ചുയര്‍ത്തി നില്‍ക്കുന്ന മല
ഏകനായ ഒരു വൃദ്ധനെയും.
വൃദ്ധന്‍ മല കിളയ്ക്കുകയല്ല;
വെറുതെ അടിവാരത്തെ പുല്ലു പറിക്കുകയാണ്.

ഈ വഴിയിലൂടെ പോയാല്‍ കാണാം
ചെമ്പടര്‍പ്പുകള്‍ക്കിടയില്‍ വിരിഞ്ഞു നില്‍ക്കുന്ന
ഗന്ധമില്ലാത്ത്ത പൂക്കള്‍ .
തൊട്ടാല്‍ പ്രാന്ത് പിടിക്കുമത്രേ,
കുട്ടികളോട് പറയണം.

ഈ വഴിയിലൂടെ പോയാല്‍ കാണാം,
തേളിന്‍ കുഞ്ഞുങ്ങളെ ശേഖരിച്ചു കുപ്പിയില്‍ നിറക്കുന്ന ഏട്ടനെ.
പുതിയ വിനോദം.
മീറ്റിങ്ങുകള്‍ക്കിടയില്‍ രഹസ്യമായി
വിതറിയിടാറുണ്ടത്രെ
പെറ്റു പെരുകട്ടെ എന്ന്.

ഈ ഇടവഴിയിലൂടെ ഇനി വരാനുള്ളത്,
ഉച്ചി പൊട്ടിത്തെറിച്ച കനവുകളാണത്രേ
നിന്റെ നെഞ്ചിലേക്ക് തുറന്നിട്ടിരിക്കുന്ന കൈതോടിലൂടെ
ആത്മാവ് കെട്ട സ്വപ്നങ്ങളുടെ ചലം ഒഴുകിയൊഴുകി വരും
എന്നിട്ട്,
ഇടനെഞ്ചിലെ പാറക്കൂട്ടങ്ങളില്‍
തലതല്ലി ചിരിക്കും.

No comments: