1.
ചരിത്ര സ്മാരകത്തിന്റെ
ഇരുണ്ട അറകളില്‍
കെട്ടിനില്‍ക്കുന്ന പഴഞ്ചൂര്,
ഉപ്പും ചോരയും ഇഴുകിച്ചേര്‍ന്ന
ചെങ്കല്പാളികളില്‍
വായിച്ചെടുക്കാം,
അധികാര പ്രതാപത്തിന്റെ ഗര്‍വ്വ്!
കാലത്തിന്റെ മറുപുറത്തുകൂടെ
ഉച്ചി പിടിച്ച ഗോവണി
കയറിവരുന്ന സന്ദര്‍ശകര്‍ക്ക്,
ഇരുട്ടുമുറികളില്‍ നിന്നുമുയരുന്ന
തലമുറകളുടെ അമര്‍ന്നുപോയ
നിലവിളികളെ
പ്രാവുകളുടെ കുറുകലെന്നു
നിരൂപിക്കാം.
ചെങ്കല്ലടരുകള്‍ക്കിടയില്‍ പൊടിഞ്ഞമര്‍ന്ന
അടിമകള്‍
പീത നിറത്തിലുള്ള
ചുമര്‍ പായലുകളായി
ഉയിര്ത്തെഴുന്നെറ്റിരിക്കുന്നു.
ഉള്ളറകളില്‍ നിന്നും
ചുമര്‍ പിളര്‍ത്ത് പാഞ്ഞുപോകുന്ന
പൊള്ളുന്ന നിശ്വാസങ്ങള്‍
നഗരഗലികളില്‍ വീശിയടിക്കുന്നുണ്ടാകണം.
വിശ്വാസത്തിന്റെ ബലിക്കല്ലുകളില്‍
ഉടയ്ക്കപ്പെട്ട വീറിന്റെ ഉയിരുകള്‍
കുഴിമാടങ്ങളില്‍ നിന്നും
ഉയിര്ത്തെഴുന്നെല്‍ക്കില്ലെന്നു
ആരറിഞ്ഞു..?
തുരുമ്പിച്ച ചങ്ങലക്കണ്ണികള്‍
ചോര കൊതിക്കുന്ന വാളുകളായി പടനിലത്തേക്ക് പറന്നിറങ്ങില്ലെന്നു
ആര്‍ക്കറിയാം..?
പരിഹരിക്കാനാകാതെ
വലിച്ചെറിയപ്പെട്ട പഴയ ബന്ദികളുടെ
പകല്‍ ക്കിനാവുകള്‍
കടലിന്റെ നെഞ്ചുപോലെ
ഉയര്‍ന്നു പൊങ്ങില്ലെന്നു
ആരറിഞ്ഞു..
ചെറുത്തു നില്പിന്റെ അവസാനത്തെ നാവും
അരിഞ്ഞെറിഞ്ഞവര്‍ കരുതിയിരിക്കുമോ
കുഴിമാടങ്ങള്‍ ഏത്
പാതാളത്തിലായാലും
പര്‍വ്വതം പൊടിഞ്ഞമരുന്ന
കടകടാരവത്ത്തോടെ
അവര്‍ പിടഞ്ഞുയര്‍ന്നു
ഒരിക്കല്‍ ഉറക്കം കെടുത്തുമെന്ന്..
പട്ടാളവും ആയുധപ്പുരകളും
കാവല്‍ നിന്നത് മനുഷ്യന്റെ ചോരയില്‍ പടുത്തുവെച്ച്ച
ധാര്‍ഷ്ട്യത്തിന്റെ കോട്ടകള്‍ക്കാണെങ്കില്‍
ഞെട്ടിയുണരുന്ന ഉച്ചയുറക്കങ്ങളില്‍
കണ്ണിനു നേരെ പാഞ്ഞടുക്കുന്ന വാള്‍ത്തലകളുടെ ചിഹ്നങ്ങള്‍
അപകടത്തിന്റെ സൂചനകള്‍ തന്നെയെന്നു
മൂപ്പന്മാര്‍ അറിഞ്ഞിരിക്കണമല്ലോ..
കഴുത്തില്‍ ബന്ധിക്കപ്പെട്ട
കയറിന്റെ നീളമാണ്
സ്വാതന്ത്ര്യത്തിന്റെ ദൂരമെന്നു
വെളുപ്പില്‍ കറുപ്പെന്ന പോലെ
തിരിച്ചറിയുന്ന
കുട്ടികളുടെ കാലം വരാറായിരിക്കുന്നു
പ്രാണന്റെ കുതിരവണ്ടിയില്‍
മരണത്തിലേക്ക് തന്നെയാണ് യാത്രയെന്ന്
അറിയുന്ന പുതിയ കുട്ടികള്‍
തകര്‍ത്തെറിയും
ഈ ഗര്‍വ്വും പ്രതാപവും.
ചരിത്രത്തിന്റെ രതിമൂര്‍ച്ചയില്‍
ആയുധപ്പുരകളില്‍
ധാന്യം നിറക്കാന്‍,
പൊള്ളുന്ന കിനാവുകളുടെ
വിളവെടുപ്പിനായി
അവര്‍ പുറപ്പെട്ടിട്ടുണ്ട്..
2.
കോട്ടയ്ക്കു നടുവിലെ
പുല്‍മൈതാനത്ത്
സന്ദര്‍ശകന്‍
പനിച്ച്ചുറങ്ങി.
No comments:
Post a Comment