ഓര്‍മ്മ മരങ്ങള്‍


കിനാവുകളുടെ കുന്നുകയറി
കുട്ടികള്‍ എത്തിയത്
ഓര്‍മ്മ മരങ്ങള്‍
പൂത്തുനില്‍ക്കുന്ന
താഴ്വാരത്തിലെ
ചെമ്മാനം കാണാനാണ്.
ഇരുട്ട് കനപ്പിച്ച
ഒരു ചുഴി കാറ്റ്
ചീറി വന്ന്
ദൃശ്യങ്ങളെല്ലാം
ഒടിച്ചുമടക്കി
കൊക്കയിലേക്ക്
വലിച്ചെറിഞ്ഞു.
കാഴ്ച നഷ്ടപ്പെട്ട
കുഞ്ഞുങ്ങള്‍
മേലെ ആകാശത്ത്
ആട്ടിന്‍ പറ്റങ്ങളോടൊപ്പം
മേഞ്ഞു നടക്കവേ,
പെരുമീന്‍
കണ്ണീര്‍കടലില്‍
മുങ്ങിപ്പോയതും
മരിക്കാന്‍ കിടക്കുന്നവര്‍
കടല്‍ കുടിച്ചു വറ്റിച്ചതും
ഓര്‍മ്മ മരങ്ങള്‍
പിഴുതു കളയാന്‍
കള്ളനിലാവ്
മഴമുള്ള് മൂര്ച്ചകൂട്ടുന്നതും
ഞാന്‍ മാത്രമേ കണ്ടതുള്ളൂ..
ഞാന്‍ മാത്രം.

3 comments:

ഹരിയണ്ണന്‍@Hariyannan said...

കവിത ഇഷ്ടമായി.

എങ്കിലും കുന്നിന്റെ മുകളിലേക്ക് നടന്നുകയറിയത് താഴ്വാരം കാണാനായിരുന്നുവെന്ന് വായിക്കുന്നിടത്ത് ഒരല്പം കണ്‍ഫ്യൂഷ്യസായി.
:)

വേഡ് വെരി വെച്ച് വേലികെട്ടി കമന്റ്സ് നിയന്ത്രിക്കുന്നതെന്തിനാ മാഷേ?

എന്‍.ബി.സുരേഷ് said...

കാഴ്ചകൾക്ക് മറ്റൊരുകണ്ണ്.
കാണുന്നതോ സർ‌റിയലിസ്റ്റിക് ചിത്രങ്ങൾ
മറുലോകത്തിന്റെ പേടികൾ.

എം.എന്‍.ശശിധരന്‍ said...

nandi suresh.nandi hari.