നമ്മുടെ പ്രണയം.
എന്തെങ്കിലും പുതുമയുള്ള ഒരു ഉപമ വേണം
നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.
എങ്കിലേ എനിക്കീ പ്രണയഗീതം പാകമാക്കി സമ്മാനിക്കാനാകൂ..


കബാബു തിന്നിട്ടുണ്ടോ നീ
കമ്പിയില്‍ കോര്‍ത്തു ചുട്ടെടുക്കുന്ന ഇറച്ചി.


നോക്കൂ,
ചുട്ടു പഴുത്ത കമ്പിയില്‍ കോര്‍ത്തു നില്‍ക്കുന്ന രണ്ടു ഇറച്ചിക്കഷ്ണങ്ങള്‍..
തല്‍ക്കാലം ആ ഇറച്ചി തുണ്ടുകള്‍ നമ്മുടെ ഹൃദയങ്ങളാണെന്ന് നിരൂപിക്കുക.
(അവയെ കോര്‍ത്തു നിര്‍ത്തുന്ന കമ്പിയാണ് പ്രണയം.)

വേണ്ട,
ഈ ഉപമ വേണ്ടാ നമുക്ക്, നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.പൂവ്വ്, കല്ല്‌, മുള്ള്, പാറ, നദി, കടല്‍,
ഹോ.. ഒന്നും പോരല്ലോ..


ഉയരമുള്ള മരത്തില്‍ തൂങ്ങിക്കിടക്കുന്ന തൂക്കണാം കുരുവിയുടെ കൂടുകള്‍...
വേണ്ടാ, അത് ക്ലീഷേ ആകും. 
അല്ലെങ്കിലും, കുരുവി, കുയില്‍, മയില്‍, 
ഇതൊന്നും
പഴയപോലെ അത്ര രസമുള്ള ഉപമകളല്ല.നീ എന്താണ് ചെയ്യുന്നത്,
എല്ലാം ഇന്ന് തന്നെ അലക്കി വെളുപ്പിച്ചു ഇസ്തിരിക്കിട്ടു വെക്കണോ..

ഓ.. കിട്ടിപ്പോയി,ഇപ്പോള്‍ നീ അഴയില്‍ തൂക്കിയിട്ട രണ്ടു പൈജാമകള്‍..
അവ കൊള്ളാമല്ലോ.. 
മഞ്ഞയും ചുവപ്പും പുള്ളികളും പൂക്കളൊക്കെയുണ്ട് ..

നനഞ്ഞ് ഒട്ടിയങ്ങനെ പരസ്പരം തൊട്ടു ചേര്‍ന്ന്
ഒരേ കയറില്‍ ..

ശരിക്കും ചേരും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌.
ഇനി കയറിന്റെ (പ്രണയത്തിന്റെ) അപനിര്‍മ്മാണം,
കവിതയുടെ മറ്റു അലങ്കാരങ്ങള്‍,
ഇന്നത്തേക്ക് നേരമ്പോക്കായി.

2 comments:

S Varghese said...

Good one

ഹരി ശങ്കരന്‍ കര്‍ത്താവ്‌ said...

മനോഹരം അതിമനോഹരം
ഇതിലെന്റെ മനസുണ്ട്