അഴികള്‍


തടവറയുടെ അഴികളായ്
നിവര്‍ന്നു നെട്ടനെയാണ്
ഞങ്ങള്‍ നിന്നത്,
ഉറങ്ങാതെ.

നിശ്വാസങ്ങള്‍
പുറത്തുപോകുമ്പോള്‍
അരികുകള്‍
പൊള്ളാതിരിക്കാനുള്ള
അകലം മാത്രമേ
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നുള്ളൂ

എന്നിട്ടും
എങ്ങിനെയാണ്
ജീവിതം
തടവ്‌  ചാടിയത് ?

ശലഭം പറയുന്നത്

കുരുടന്റെ തലതുരന്നു പുറത്തുവന്ന പുഴു
പ്യൂപ്പയായി,
ശലഭമായി
പൂ തേടിപ്പറന്നുപോയി


ശലഭം
പനിനീര്‍പ്പൂവിന്റെ
കവിളില്‍ തലോടി പറഞ്ഞു,
നിന്നെ ഒരുവന്‍ ഒരുവള്‍ക്ക്‌ സമ്മാനിക്കും.
അവള്‍ പിഴക്കും.
തെരുവില്‍ ശയിക്കും.
നക്ഷത്രങ്ങള്‍ കൂട്ടത്തോടെ
കരിഞ്ഞുവീഴുന്ന ഒരു രാവില്‍
ചെകുത്താനെ പെറും
പുഴുത്തു ചാവും.


അവന്‍ വളരും പനപോലെ,
നാട് വിറയ്ക്കും .
ആയിരം പെണ്ണുങ്ങളില്‍
പൊള്ളുന്ന ബീജം നിറയ്ക്കും.
ആയിരം ചെകുത്താന്മാര്‍ പിറക്കും.


ശലഭം വീണ്ടും
പ്യൂപ്പയായി,
പുഴുവായി,
കുരുടന്റെ തലയിലേക്ക് നൂണ്ടു കയറി.




ഓര്‍മ്മ മരങ്ങള്‍


കിനാവുകളുടെ കുന്നുകയറി
കുട്ടികള്‍ എത്തിയത്
ഓര്‍മ്മ മരങ്ങള്‍
പൂത്തുനില്‍ക്കുന്ന
താഴ്വാരത്തിലെ
ചെമ്മാനം കാണാനാണ്.
ഇരുട്ട് കനപ്പിച്ച
ഒരു ചുഴി കാറ്റ്
ചീറി വന്ന്
ദൃശ്യങ്ങളെല്ലാം
ഒടിച്ചുമടക്കി
കൊക്കയിലേക്ക്
വലിച്ചെറിഞ്ഞു.
കാഴ്ച നഷ്ടപ്പെട്ട
കുഞ്ഞുങ്ങള്‍
മേലെ ആകാശത്ത്
ആട്ടിന്‍ പറ്റങ്ങളോടൊപ്പം
മേഞ്ഞു നടക്കവേ,
പെരുമീന്‍
കണ്ണീര്‍കടലില്‍
മുങ്ങിപ്പോയതും
മരിക്കാന്‍ കിടക്കുന്നവര്‍
കടല്‍ കുടിച്ചു വറ്റിച്ചതും
ഓര്‍മ്മ മരങ്ങള്‍
പിഴുതു കളയാന്‍
കള്ളനിലാവ്
മഴമുള്ള് മൂര്ച്ചകൂട്ടുന്നതും
ഞാന്‍ മാത്രമേ കണ്ടതുള്ളൂ..
ഞാന്‍ മാത്രം.

വ്രണിത ഗീതം (പ്രിയ ചുള്ളിക്കാടിന് )

ഏതു പൂവിന്‍ കഴുത്തറുത്താണെന്റെ
പാനപാത്രം നിറച്ച്ചതെന്‍‍ മിത്രമേ
ഏതു പ്രാവിന്‍ കുറുകലാണന്നെന്റെ
നെഞ്ചടുപ്പില്‍ നീ ചുട്ടതും മിത്രമേ

ഏതു നക്ഷത്രമുള്ള് കൊണ്ടാണെന്റെ
കരളു കീറി പഴംപാട്ട് തീര്‍ത്തതും
ഏതു മത്സ്യപ്പിടചിലാണന്നെന്റെ
ചങ്കിലിട്ടു നീ കാട്ടില്‍‍ മറഞ്ഞതും

ഏതു മാദക ഗന്ധം പുരട്ടിയെന്‍
ഘ്രാണനാളം പൊലിപ്പിച്ചു നിര്‍ത്തി നീ
ഏതു ഖഡ്ഗത്തിന്‍ മൂളലാണന്നെന്റെ
പ്രാണപത്രങ്ങളില്‍ രാഗം നിറച്ചതും

നിന്റെ നെഞ്ചിന്‍ കിളിക്കൂട്‌ ഭേദിച്ച
കിളികളല്ലോ വിഹായസ്സിലോക്കെയും
നിന്റെയിന്നത്തെ മൌനം തപിപ്പിച്ച
കവിത വീണെന്റെ രസനകള്‍ പൂക്കുന്നു

ആഞ്ഞടിക്കുന്നോരോര്‍മ്മതന്‍ ചാട്ടവാര്‍
മേഞ്ഞു നില്‍ക്കുന്നിതെപ്പോഴും മൂര്‍ത്തമായ്
ചാഞ്ഞു നില്‍ക്കുന്ന ബോധമാം ചില്ലയില്‍,
ചൂഴ്ന്നു നില്‍ക്കുന്നു പേക്കിനാക്കൂട്ടങ്ങള്‍

കാറ്റുലച്ചിലച്ചാര്‍ത്തുകള്‍ വീഴുന്നു
അറ്റു പോകുന്നു പാട്ടിന്നുറവയും
ആര്‍ത്തിരമ്പുന്നോരഴലാഴി കീറി ഞാന്‍
നാട്ടുവാക്കിന്‍ മൊഴിമുത്തെടുത്തിടാം

നുണ

ഞാന്‍ പുറപ്പെടുന്നതിനു മുന്‍പ്
മറന്നു വെച്ചിരുന്നു
ഒരു സ്വപ്നം.

നീ വരുമ്പോള്‍,
കൊണ്ടുവരും എന്ന് കാത്തു.

മുനിഞ്ഞു കത്തുന്ന
മൂട്ടവിളക്കുപോല്‍
മുഖം കെട്ട്,
നീ എന്താ ഇങ്ങിനെ

എനിക്കറിയാം,
നീ പറയാതെ പറഞ്ഞ കനവുകളില്‍
ഉടുക്കാതെ ഉടുത്ത കസവുകളില്‍,
അതും ഒളിപ്പിചിട്ടുണ്ടാകും.

നീ തിരിച്ചു നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്,
ഒന്നോര്‍ക്കുക,
വെട്ടിയിട്ട ശിരസ്സുകള്‍,
ദുശ്ശകുനങ്ങളായി കണ്ണില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍,
കയറി നിന്ന ഒളിയിടം പോലും
ഒറ്റു കണ്ണുകള്‍ പിഴുതെടുക്കുമ്പോള്‍,
നീ നടക്കാന്‍ തുടങ്ങുന്ന വഴി,
ശാന്തിയുടെ നുണനിറമുള്ള,
ചതിനിലമാണ്.

നീ കത്തിച്ചു വെക്കുന്ന മെഴുകുതിരി,
ചോരപുരണ്ട ചരിത്രത്തിന്റെ
വിശുദ്ധി ചമഞ്ഞ
അടയാളത്തിന് മുന്നിലാണ്.

കുഞ്ഞാടുകള്‍ നടന്നുപോകുന്ന പച്ചപ്പ്‌
അവരുടെ അബോധത്തിന്റെ
അണിയിച്ചൊരുക്കിയ മായക്കാഴ്ച.

കിനാവിന്റെ കളഞ്ഞുപോയ
ഒളിയിടത്ത്തില്‍,
കുരിശു വരയ്ക്കുന്നതിനു മുന്‍പ്
ഓര്‍ക്കുക,
സുരത ശേഷം ഒടിഞ്ഞു തൂങ്ങുന്ന ലിംഗംപോല്‍
കഴുത്തൊടിഞ്ഞു നില്‍ക്കുന്ന കുരിശേന്തിയവന്റെ മുഖം.
പാപി.
ഉയിര്‍ത്തെഴുന്നേറ്റത്രേ,
ശുദ്ധ നുണ.