കിതപ്പുകള്‍

ഒരുമിച്ചൊരേ നുകം
പേറുന്നവര്‍ നമ്മള്‍
ഒരുമിച്ചൊരേ വഴി
താണ്ടിടും കിതപ്പുകള്‍

ഒരുമിച്ചൊരേ മെത്ത
പങ്കിട്ടു കിടക്കിലും,
വെവ്വേറെ കാലത്തല്ലോ
ചരിപ്പൂ വിചാരങ്ങള്‍.

അതുകൊണ്ടാകാം പ്രിയേ
എത്രനാള്‍ പറഞ്ഞാലും
കൌതുകമൊടുങ്ങാത്ത
ദാഹവും കിനാക്കളും.

അതുകൊണ്ടാകാം പ്രിയേ
തൊട്ടു തൊട്ടിരുന്നു നാം
കണ്ണുകളിഴ ചേര്‍ത്ത-
ന്യോന്യം കുടിപ്പതും.

തീയ്യതികള്‍

-----------------

വിജയന്‍ സര്‍,
അന്ന് ലെനിന് പറ്റിയപോലെ
ഇന്ന് എനിക്കും പറ്റി.

രാവിലെ എഴുന്നെക്കാന്‍ നോക്കുമ്പോള്‍
പറ്റുന്നില്ല.
ഞാന്‍ തിമിംഗലമായി മാറിയിരുന്നു.. ,
മുറിയില്‍ നീന്താന്‍ തുടങ്ങി.
അന്നത്തെപോലെ
തലയില്‍ നിന്നും പുക വന്നില്ല.
മുറിക്ക് എന്റെ വലുപ്പം
താങ്ങാനാകാതെ ഭിത്തി തകര്‍ന്നതാണ്
കുഴപ്പമായത്
പോലീസുകാരും നാട്ടുകാരും
വന്നപ്പോള്‍,
എന്നെ തിരിച്ചു മനുഷ്യനാക്കാന്‍
പറഞ്ഞു.
പോലീസുകാരല്ലേ, അവര്‍ അത്
നിസ്സാരമായി ചെയ്തു.
അവര്‍ കൊണ്ടുപോയി എന്നെ ഇട്ടതു
അതെ സെല്ലില്‍.
ക്രിസ്തുവും, ലെനിനും, പിന്നെ
മൂലയില്‍ ചുരുണ്ട് കിടക്കുന്ന
വേറെ ഒരാളും.
മറിയം വരാറില്ലേ എന്ന് ക്രിസ്തുവിനോട്
കുശലം ചോദിച്ചു.
ലെനിന്റെ കണ്ണുകളിലേക്കു നോക്കി.
കണ്ണുകളില്‍ സ്ഖലന മൂര്‍ച്ച.
അഴികള്‍ക്കിടയിലൂടെ തഴുകി ഉണര്‍ത്തുന്ന
മറിയത്തിന്റെ കൈ ഒരു വേള ഓര്‍ത്തു കാണണം.
അവള്‍ ആത്മഹത്യ ചെയ്തെന്നു
മൂലയില്‍ നിന്നും ഇഴഞ്ഞു വന്ന
അഴുകിയ ഇറച്ചിയുടെ മണമുള്ള ശബ്ദം.
ഇതാരാ എന്ന് ഞാന്‍.
മാവോ സേതുംഗ് എന്ന് ക്രിസ്തു.
എന്തിനാണവള്‍ ഇത്ര കഠിനമായി
സര്‍ഗ്ഗാത്മക കൃത്യം ചെയ്തത് ?
ഒരു കുഞ്ഞാട് അവളെ കൊണ്ടുപോയി
പ്രണയിച്ചു മൊബീല്‍ കേമറയില്‍ പകര്‍ത്തി
യൂടുബില്‍ ഇട്ടു എന്ന് മാവോ.
അവള്‍ നഗ്നയായ സത്യത്തിന്റെ
അഴിഞ്ഞു വീണ വസ്ത്രമായിരുന്നു എന്ന്
ക്രിസ്തു.
എനിക്ക് അതിന്റെ അര്‍ഥം മനസ്സിലാകാത്തതുകൊണ്ട്
ഒന്നും മിണ്ടാതിരുന്നു.
കക്ഷത്ത്‌ നിന്നും ചൊറിഞ്ഞ് മാന്തി
വട്ടപ്പേനിനെ പറിച്ചെടുത്ത് കൊല്ലുകയാണ് ലെനിന്‍
ഏതാ പുതിയ ലഹരി എന്ന് മാവോ, എന്നോട്.
ഏതാ പുതിയ സിനിമ എന്ന് ക്രിസ്തു
ഏതാ പുതിയ കവിത എന്ന് ലെനിന്‍
ഞാന്‍ അഴിഞ്ഞുവീണ വസ്ത്രത്തിന്റെ
അര്‍ഥം ആലോചിക്കയായിരുന്നു.
അടുത്ത സെല്ലില്‍ നെരൂദയും രില്‍ക്കെയും ജോണും,
മാര്‍ക്കേസും ഉണ്ടെന്നു മാവോ.
ഭക്ഷണ സമയത്ത് വരിയില്‍ കാണാമെന്നു ലെനിന്‍
ജയഭാരതിയും ശ്വേതയും ഒരു താരതമ്യ പഠനം
എന്ന പുതിയ കവിത എഴുതിയത് രഹസ്യമായി
ഇന്നലെ തന്നിരുന്നു ഇന്നലെ നെരൂദ.
അത് വായിച്ചപാടെ ബോധം കെട്ടു ഇവന്,
മാവോയെ ചൂണ്ടി ലെനിന്‍
ഇവിടെ "എന്തെങ്കിലും" കിട്ടുമോ എന്ന് ഞാന്‍
കാശുകൊടുത്താല്‍ എന്തും കിട്ടും എന്ന് ലെനിന്‍
ജോണിന്റെ ഫാന്‍സ് അസോസിയേഷന്‍ ഫണ്ട് ചെയ്യുന്ന
രണ്ടു കഞ്ചാവ് തോട്ടങ്ങള്‍ ഇവിടെ വാര്‍ടന്മാരായി
വന്നിട്ടുണ്ട്.
വി.കെ.എന്നും, പിയും.
അവരില്‍ നിന്നും ഞങ്ങള്‍ കുറേശ്ശെ നുള്ളാറുണ്ട്.
മാര്‍ക്സിന്റെ അവസ്ഥയെന്താണെന്ന് ഞാന്‍.
അയാളിപ്പോ വലിയ പുരോഗതിയിലാണ്.
നാലഞ്ചു അറവുശാലകള്‍,
തരക്കെടില്ലാത്ത ഇറച്ചിക്കച്ചവടം
താടിയൊക്കെ വടിച്ച്‌ നല്ല കുട്ടപ്പനായാ നടത്തം.

അഴിഞ്ഞു വീണ വസ്ത്രം എന്നെ തളര്‍ത്താന്‍ തുടങ്ങി.

ഞാന്‍ അല്‍പനേരം ഒന്ന് കിടക്കട്ടെ.
വയ്യ,
ചര്‍ച്ച ഇനി പിന്നീടാകാം.


(കടപ്പാട്: ഓ.വി. വിജയന്‍റെ "തീയ്യതികള്‍" എന്ന കഥ)

ഭ്രമങ്ങളുടെ സമുദ്രം.

ഭ്രമങ്ങളുടെ സമുദ്രം.

ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
അപ്രമേയമാകുന്നു
ഉടല്‍.

ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍‍,

ഞാന്‍,
എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.

ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍‍.

*വസന്തസേനയുടെ
ശയനമുറിയില്‍‍
വാക്കുകളുടെ
ദുര്‍മരണം

ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?

ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.

*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)

ഉടഞ്ഞു പുറത്തേക്ക്

1. പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്......


ആഴമളക്കുന്നതിന് തൊട്ടുമുന്‍പ്
മുകളിലേക്ക് കണ്ണയച്ചാല്‍,
ദൈവമില്ല ചെകുത്താനില്ല.

ആകാശം അഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും.
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും


2. ചാവേര്‍ ലിപികളുടെ സീല്‍ക്കാരങ്ങള്‍


ഞാന് + നീ = നാം.


യുദ്ധവും സന്ധിയും ഇടകലര്‍ന്ന
സങ്കീര്‍ണ്ണ രൂപകം.
ഇരമ്പിത്തെറിച്ച് പൊട്ടിശ്ശൂന്യമാകുന്ന
ചാവേര്‍ ലിപികളുടെ
ലളിത ഗണിത സമവാക്യം.
അലഞ്ഞും
അലിഞ്ഞും
അറിഞ്ഞും
അഴുകിയും
ഒടുങ്ങിപ്പോകുന്ന സീല്‍ക്കാരങ്ങള്‍.
നിലവിളിച്ച്, ചിരിച്ച്, അട്ടഹസിച്ച്, തേങ്ങി;

ഉരസലുകളുടെ ക്രമാനുക്രമ വിന്യാസങ്ങള്‍നിര്‍മ്മിച്ച
വിപരീതങ്ങളുടെ പടുശ്ശ്രുതി


3. അട്ടിമറിക്കപ്പെടുന്ന ക്രമങ്ങള്‍


വിഭ്രാന്തിയുടെ പെരുമ്പറയറിപ്പ്.
നാം
അഴുകേണ്ടവരാണെന്ന്.
(അകത്തുനിന്നോ പുറത്തുനിന്നോ..?)
കലാശശേഷം ശാന്തമാകുന്ന പരിസരം.
പെരുമ്പറയുടെ അലകള്‍
ചിറകടിച്ചകലുമ്പോള്‍
വസ്തുക്കള്‍ അതതുക്രമങ്ങളിലേക്ക്
വീണ്ടും സ്ഥിരപ്പെടുന്നു!
പശ്ചാത്തലത്തില്‍
സദാ,
(എന്നാല്‍ ഇപ്പോള്‍ മാത്രം ഞാനറിഞ്ഞ)
സമയഘടനയുടെ
മുറിഞ്ഞു മുറിഞ്ഞ ത്രസിപ്പ്
(അബോധത്തിന്റെ പോയകാലത്തിലേക്ക്
പ്രജ്ഞയെ തിരിച്ചു നിര്‍ത്തുന്നു).
ഇത്ര ഘോരമായി
ചിട്ടകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍
നാം എവിടെയായിരുന്നു?

നീ അപ്പോഴും ഇതുപോലെ ശാന്തമായ്
ഉറങ്ങുകയായിരുന്നോ..?
ഓര്‍മ്മയിലേക്കുള്ള നിന്റെ കടന്നുവരവ്
അലസം,
എത്ര അകലെനിന്നാണ്..?


4. ഇടം തിരയുന്ന ഞാനെന്ന ഇടം


ഞാന്‍ എവിടെയാണ്.?


അപ്രമേയതയുടെ വിറങ്ങലിച്ച ഉടല്‍
നിശ്ചയമായും വേര്‍പ്പെട്ടിരിക്കുന്നു.
നിന്റെ നാഭീദേശത്തുനിന്നും
ഇറങ്ങിപ്പോന്ന
ചോരവാര്‍ന്നു വിളറിയ ജഢം;
നിശ്ചലമായ തോല്‍വിയുടെ അനക്കം.
നിന്റെ തുടകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍
കണ്‍തടങ്ങളില്‍
കരുവാളിച്ച മേഘപാളികള്‍.
അറുത്തുമാറ്റപ്പെട്ട ശിരസ്സ്
ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച്
നേര്‍മുകളില്‍ വട്ടമിട്ടുപറക്കുന്നു
(ആരുടെ
കാന്തികവലയത്തില്‍?)
ഞാന്‍ എന്നതിന്റെ ഒളിത്താവളം
ഇപ്പോഴെവിടെയാണ്?
നിശ്ചലമായ ഉടല്‍,
ഭ്രമണം ചെയ്യുന്ന തല,
ഉറങ്ങുന്ന നീ,
കിടപ്പറയിലെ മറ്റു വസ്തുക്കള്‍...
എവിടെയാണു
എവിടെയാണു ഞാന്‍
ജാഗ്രമാകുന്നതു..?

5. മാറിമറിയുന്ന നിറമില്ലായ്മയുടെ ഒളിനിറങ്ങള്‍


കണ്ണില്‍
കട്ടപിടിച്ച നിറമില്ലാത്ത ശൂന്യത.

മഞ്ഞ, ചോപ്പ്,
ചോര;
ഇടവപ്പാതി കുത്തിയൊലിക്കുന്ന;
നിറങ്ങള്‍ കൂടിക്കലര്‍ന്ന
നിറമില്ലായ്മകളുടെ ഒളിനിറങ്ങള്‍
മാറിമറിയുന്നുവോ.?

ഇഴയുന്ന ഏകാന്തത.

ഞാന്‍;
ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന
മണ്‍കുടത്തിലെ
ഒഴിവ്.


6. ഉറുമ്പുകള്‍ ഭീതി ജനിപ്പിക്കുന്നത്


ഉറുമ്പുകളുടെ
ചിട്ടയായ ആര്‍പ്പുവിളിയില്‍
അമര്‍ന്നുപോകുന്നൂ എന്റെ ശബ്ദം
വായുവില്‍ നൃത്തം ചെയ്യുന്ന ശിരസ്സേ
നിര്‍ത്തൂ നിന്റെ ചന്തമില്ലാത്ത നര്‍ത്തനം.
തകര്‍ക്കാമോ ഈ ചുമരുകളെ..?
ഉറുമ്പുകള്‍ക്കന്നമാകാന്‍ കൊടുക്കരുതെന്റെ കണ്ണുകളെ.
ഉറങ്ങാതെ, ഉറങ്ങാതെ,
കാത്തതല്ലെ.. ഇത്രനാളും...
കബന്ധത്തിന്റെ കിടപ്പ്,
പിരിഞ്ഞകന്ന
പരാചയത്തിന്റെ അസംബന്ധ ചിഹ്നം.
എന്നോടു ചേരാമോ ഒരിക്കല്‍കൂടി..?
ഒന്നെഴുന്നേറ്റ് തനിയെ വീഴാന്‍,
മുട്ടുകുത്തി നടക്കാനും,
കരയാനും ചിരിക്കാനും
എനിക്കെന്നെ പുനര്‍നിര്‍മ്മിക്കാന്‍


7. ഞാന്‍, നീ, നാം


അനന്തമായ താഴ്ചയുടെ വക്കില്‍
കാലുറപ്പിച്ച്,
കൈകള്‍ കോര്‍ത്ത്
നാം
താ
ഴേ
ക്കു
നോക്കുക.
ദൃശ്യമാകലിന്റെ അവസാന ബിന്ദുവില്‍
നിന്റെ മേല്‍ചുണ്ടിനു മുകളിലെ
അരിമ്പാറയോളം പോന്ന ഇരുണ്ട പൊട്ട്.
കറുത്ത ആകാശം.
നാമറിയുന്നതേയില്ല,
പാര്‍ശ്വങ്ങളിലേക്കു പടര്‍ന്ന്
മരങ്ങള്‍ക്കും മലകള്‍ക്കും പുറകിലൂടെ
വളര്‍ന്നുപൊങ്ങി
നിറം മാറി
തലക്കു മുകളില്‍
വിടര്‍ന്നുനില്‍ക്കുന്ന
അസത്യത്തിന്റെ കടല്‍.
നോക്കൂ
നാം നിന്നിടം
ശൂന്യം.
ഓരോന്നും അപ്രത്യക്ഷമായത്
നമ്മുടെ അസാന്നിദ്ധ്യത്തിന്റെ അടയാളം.


8. ശൂന്യത


ആഴമളക്കുന്നതിനു തൊട്ടുമുന്‍പ്
നാം
മുകളിലേക്കു നോക്കുക
ദൈവമില്ല.
ചെകുത്താനില്ല.
ആകാശം അഴിഞ്ഞഴിഞ്ഞ് തൂക്കുകയറായി
കഴുത്തിലേക്കൂര്‍ന്നിറങ്ങും.
പ്രപഞ്ചം ഉടുത്ത പകിട്ടഴിച്ച്
കണ്ണുകള്‍ കെട്ടും.
കാറ്റിന്റെ തിരമാലകള്‍
കാല്ക്കീഴിലെ മണ്ണിളക്കും.
നാം മുന്പ് നടന്ന വഴികള്‍ പിടഞ്ഞെണീറ്റ്
പുറകില്‍ നിന്നും ആഞ്ഞു ചവിട്ടും
ബോധംവിറക്കുന്ന
അവസാനത്തെ അറിവ്
അനന്തമായ താഴ്ചയിലേക്കുള്ള പതനത്തില്‍
ശിരോധമനികളില്‍ തന്നെ കത്തിയമരും

ഞാനും നീയും
കാലത്തിന്റെ ചുരുളുകളിലൂടെ
ഓര്ബിറ്റുകള്‍ മുറിച്ചുനീന്തി,
പറന്നുകൊണ്ടേ...
പറന്നുകൊണ്ടേ...

മഴ

മറവിപ്പുറത്ത്
മഴവീഴുംപോള്‍
വവ്വാലുകളുടെ
ചിറകടി

പൊടിയും,
മാറാലയും
അടിച്ചു കളയുമ്പോള്‍,
നെഞ്ചു തട്ടി
ഒരു ഗദ്ഗദത്തില്‍.

തറഞ്ഞു തന്നെ നില്‍പ്പുണ്ട്
ഒരു നിലവിളിച്ചീള്.
ഒരിക്കല്‍ നീ
നെടുകെ കീറിയെറിഞ്ഞതല്ലോ
എന്റെ കരളില്‍.

പടര്‍ന്നു നില്‍‍ക്കുന്ന
നിലവിളിക്കാട്ടില്‍‍
വിറച്ചു വിറച്ചു
കൂനിയിരിക്കുന്ന ഭീതി,
വിളര്‍ത്ത ചിരിയാല്‍,
മുറുകെ പിടിക്കുന്നുണ്ട്
മൌനാംബരത്തിലേക്ക്
വലിച്ചു കെട്ടിയ
പ്രണയപാശം.

പെയ്തുകൊണ്ടേയിരിക്കുന്നു
അപാരതകളുടെ
മാനത്തുനിന്നും
പൊട്ടിച്ചിതറുന്ന
ഇച്ഛ,
ജീവിതം,
മരണം..

ചിറകിട്ടടിക്കുന്ന
ഇരുട്ട്
പിരിയുടക്കുകയാണ്
മൌനം.

മഴ;
പെയ്തുകൊണ്ടെയിരിക്കുന്നു.